2015 ജനുവരി 5, തിങ്കളാഴ്‌ച

" പണ്ട്...ഒത്തിരി പണ്ട് നമ്മുടെയൊക്കെ വീടിന്റെ മുന്പുറത്തു കുറ്റിയില്‍ കെട്ടിയിട്ട ഒരു നായുണ്ടാവും..കൈസര്‍ എന്നോ ബാബുവെന്നോ ഒക്കെ പേരുള്ള നാടന്‍ നായ..വീട്ടിലാണെങ്കില്‍ ഒരു കുറിഞ്ഞി പൂച്ചയുണ്ടാവും...ചീരൂന്നോ അമ്മൂന്നോ ഒക്കെ പേരുള്ള ഒന്ന്...വീട്ടില്‍ വയ്ക്കുന്നതില്‍ നിന്നും അച്ഛനും , അമ്മയും , മക്കളും ഈ പറഞ്ഞ പ്രജകളും കൂടി പങ്കു കൊടുത്തു ജീവിച്ചു...കൊടുത്തു പഠിക്കാന്‍ മക്കള്‍ ആദ്യം പഠിച്ചതും ഈ വിദ്യാലയത്തില്‍ തന്നെ...ഇപ്പോളോ..? വൃത്തിയും വെടിപ്പും വീട്ടില്‍ പരിഷ്ക്കാരിയായി കയറിവന്നപ്പോള്‍, പടിയിറങ്ങിയത് ഈ നാട്ടു നന്മകളായിരുന്നു...ഓര്‍ക്കുമ്പോള്‍ ഒരു കൊച്ച്‌ു നൊമ്പരം..

" ഈ മരു ഭൂമിയിലിരുന്നു ഞാനൊരു ' പുഴ ' യെ ധ്യാനിക്കുകയാണ് ..അത് ഓര്‍മകളുടെ പുഴയാണ്...സൌഹൃദങ്ങളുടെ സായാഹ്നങ്ങള്‍ ഞാന്‍ ചിലവഴിച്ചത് ഈ പുഴയുടെ തീരതതാണ് ..ജീവിതം, ഏകനായി നടക്കാന്‍ ആവശ്യപെട്ടപ്പോള്‍ ഈ മണല്‍ പരപ്പിലൂടെ നടന്നു.. നിര്‍ബാധം ഒഴുകാന്‍ എന്നെ പടിപ്പിക്കാനായിരുന്നു അതെന്നു ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു..അതേ പുഴ തന്നെയാണ് എന്റെ ആദ്യ ഇടര്ച്ചയുടെ കാഴ്ചയോരുക്കിയതെന്നും ഓര്‍ക്കുന്നുണ്ട് ഞാന്‍.. ഓരോ തവണയും എന്റെ ആസക്ത്തിയുടെയും ഒടുങ്ങാത്ത ത്രിഷ്ണകളുടെയും മുഷിഞ്ഞ വികാരങ്ങളും പേറി അതില്‍ മുങ്ങി നിവരുമ്പോള്‍ ഞാന്‍ കൂടുതല്‍ നിര്മലനായിത്തീര്‍ന്നു . വീണുപോകുമെന്നു തോന്നുമ്പോള്‍ എല്ലാം ആ പുഴയെ തന്നെ ശരണം വച്ച് നടക്കാന്‍ ശ്രമിച്ചു. പക്ഷെ ഇപ്പോള്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ കാലിനടിയില്‍ തണുത്ത കുളിരിന്റെ പുഴ മണല്‍ അല്ല...ഉയിരെടുക്കുന്ന മരുഭൂമിയുടെ പഴുത്ത മണല്..എല്ലാവരും ജീവിതത്തില്‍ നമ്മുടേത് മാത്രമായ ഒരു മരുഭൂമിയിലൂടെ
കടന്നുപോകേണ്ടതുണ്ട് ല്ലോ അല്ലെ ...ഞാനും എന്റെ മരുഭൂ യാത്രയിലാണ്...എങ്കിലും ഇപ്പോളും എനിക്ക് ആ പുഴയെ ധ്യാനിക്കാന്‍ സാധിക്കുന്നുണ്ട്..
'അപ്സ്വന്തരമൃതം,അപ്സുഭേഷജം.അപാമുത പ്രശസ്ഥയെ' - ജലത്തിലത്രെ അമൃതത്വം ..ജലത്തിലത്രെ ഔഷധം ..അപ്രകാരമത്രെ ജലപ്രശസ്തി..
സുഹൃത്തെ ഈ മരുഭൂമിയിലിരുന്നു ഞാന്‍ ഒരു പുഴയെ ധ്യാനിക്കുകയാണ്.. "


" ഇത് ഒരു ശ്രമമാണ്...സ്വന്തം മുഖം വച്ച് ആരെയും സന്തോഷിപ്പിക്കാന്‍ പറ്റുനില്ല..എങ്കില്‍ വിശുദ്ധ നിക്കൊളാസിന്റെ മുഖംമൂടി വച്ച് ഒരു ശ്രമം നടത്തികളയാം...എന്തേ..? എന്തൊക്കെയായാലും സംഗതി ഏറ്റു..കുഞ്ഞുങ്ങള്‍ കൈ വീശി കാണിച്ചു..പുഞ്ചിരിച്ചു, അടുത്തുവന്നു നിന്ന് സ്നേഹത്തോടെ ' സാന്റാ ' എന്ന് വിളിച്ചു..ഫോട്ടോ എടുത്തു...കുഞ്ഞികയ്യില്‍ കൊടുത്ത മിടായി വാങ്ങി കൈ പിടിച്ചു കുലുക്കി...ഫ്ലാറ്റുകളുടെ കുഞ്ഞു ഭൂമികയില്‍ കുടുങ്ങി കിടക്കുന്ന ആ കുഞ്ഞു മാലാഖമാര്‍ പരസ്പരം പറഞ്ഞു ' ദേ ഞാന്‍ സാന്റായെ തൊട്ടു...' എനിക്കും സന്തോഷമായി..
ഇത് ഒരു ശ്രമമായിരുന്നു...
പഴയ കാലത്തേക്കുള്ള ഒരു തിരിച്ചുപോക്കിനു
ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞു..പാഠപുസ്തകം എവ്ടെക്കോ എറിഞ്ഞു..ഒരു ഓട്ടമാണ്..കൂട്ടുകാരുടെ കൂടെ ... വാടകകെടുത്ത ഒരു പെട്രൊമാക്സും ചുമന്നു വീട് വീടാന്തരം കയറിയിറങ്ങും...കരോള്‍ എന്നാണു പേര്...പാട്ട് മിക്കവാറും.".സന്തോഷം സന്തോഷമേ..."..ആര്ക്കു..? ഞങ്ങള്‍ക്ക് സന്തോഷം...!! വീട്ടുക്കാര്‍ ഉറക്കച്ചടവോടുകൂടി കയ്യില്‍ ഇട്ടു തരും..അമ്പത് പൈസ...ചില പരിഷ്ക്കാരികള്‍ ഒരു രൂപ വരെ തരും..എന്നാലും അവരുടെയും മുഖത്ത് സന്തോഷം കാണും കേട്ടോ..ചിലര്‍ ചോദിക്കും..എടാ നീയൊക്കെ വല്ലതും കഴിച്ചിട്ടുണ്ടോ..? വിശക്കുന്നുണ്ടോ എന്നൊക്കെ..." പാടവരമ്പിലൂടെ ഉണ്ണിയേശുവിന്റെ ജനന വാര്ത്തൊയും പാടി ഞങ്ങള്‍ പതുക്കെ...മുന്പോട്ടു...ഓര്മ്മകള്‍ വളരെ വേഗത്തില്‍ പുറകോട്ടു...ദൈവമേ.. ദൈവമേ...!

" അങ്ങനെ ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചുനിക്കുകയാണെന്നു മനസിലായപ്പോള്‍ പെട്ടെന്ന് അപ്പന്‍ പൊട്ടി കരഞ്ഞു...പരുക്കന്‍ പുറംതോട് മാത്രം എന്നും പുറത്തു കാണിച്ചു നടന്ന എന്റെ അപ്പനാണ് കുഞ്ഞുങ്ങളെ പോലെ കരയുന്നത്. " നീ പോയാല്‍ എനിയ്ക്ക് പിന്നെ ആരാടാ ഉള്ളെ..? " ഞാന്‍ പക്ഷെ എന്റെ തീരുമാനം മാറ്റാന്‍ തയ്യാറല്ല എന്ന മട്ടില്‍ നിന്നു ...അമ്മ കരയാതെ എന്നെ നോക്കി നിക്കുകയാണ്..ആരും മിണ്ടുന്നില്ല ...അന്ന് എന്റെ അപ്പന്റെ കണ്ണീരിന്റെ വില മനസിലാക്കാന്‍ മാത്രം പ്രായമോ , പക്വതയോ എനിക്കില്ലായിരുന്നു..പക്ഷെ പിന്നീട് മൂന്നു കൊല്ലവും എന്റെ അപ്പന്റെ കണ്ണീരു എന്നെ വിടാതെ പിന്തുടര്‍ന്നു..പിന്നീടോരിയ്ക്കലും എന്നെ പിന്തിരിപ്പിക്കാനോ തിരികെ വിളിക്കാനോ അപ്പന്‍ ശ്രമിച്ചിട്ടില്ല..മാത്രവുമല്ല എന്റെ തീരുമാനത്തില്‍ ഒത്തിരി സന്തോഷം കാണിയ്ക്കുകയും ചെയ്തിട്ടുണ്ട്...പക്ഷെ എന്റെ കണ്ണീരിന്റെ കുരിശു മല കയറ്റം തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ...നാല് പെണ്‍കുട്ടികള്‍ക്ക് ശേഷം ഒരാണ്‍കുട്ടി ജനിച്ചു എന്ന് അറിഞ്ഞപ്പോള്‍ എന്റെ കുഞ്ഞു വല്യപ്പന്‍ വരാന്തയുടെ മതില്‍ എടുത്തു ചാടി ..നാട്ടു നടപ്പ് അനുസരിച്ച് ഉറക്കെ കൂവി..( പെണ്‍കുട്ടികള്‍ ജനിച്ചാല്‍ - അടുക്കള വാതിലില്‍ പതുക്കെ മൂന്നു തവണ അടിക്കും..!!! ആരും അറിയേണ്ട.. ). അമ്മയുടെ വല്യാങ്ങള യും മറ്റും കൂടി എനിയ്ക്ക് സന്തോഷ്‌ എന്ന് പേരിട്ടു..അധികമായ സന്തോഷം കാണിച്ചു കൊണ്ട് തന്നെ..ഒരു കൂട്ട് കുടുംബത്തില്‍ നാല് പെണ്‍കുട്ടികളെ പെറ്റ എന്റെ അമ്മയുടെ ആധി അന്നാണ് തീര്‍ന്നത് . (പക്ഷെ അപ്പോളും അപ്പന്‍ ഒരിയ്ക്കലും അമ്മയെ തള്ളിപറയുകയോ കുറ്റപെടുതുകയോ ചെയ്തിട്ടില്ല..ഞങ്ങള്‍ ആറുമക്കളെയും അവര്‍ ഒന്നുപോലെ സ്നേഹിച്ചു...)
അപ്പന്‍ കരഞ്ഞു യാത്രയാക്കിയ ഞാന്‍ പിന്നീട് മൂന്ന് കൊല്ലവും എന്റെ അപ്പനും അമ്മയ്ക്കും വേണ്ടി മാതാവിന്റെ മുന്നില്‍ കണ്ണീരോടെ പ്രാര്‍ഥിച്ചു..റഫക്ടറിയിലെ നിറഞ്ഞ പാത്രങ്ങള്‍ക്കും,ആവി പറക്കുന്ന കറികള്‍കും മദ്ധ്യേ ഇരിയ്ക്കുമ്പോള്‍ ,ഉണ്ണാതെ വിശന്നിരിയ്ക്കുന്ന എന്റെ കൂട പിറപ്പുകളുടെയും , അപ്പന്റെയും അമ്മയുടെയും മുഖം എന്റെ പാത്രത്തില്‍ ഉപ്പ് കലര്‍ത്തി..ഒടുക്കം തൃശ്ശൂര്‍ മൈനര്‍ സെമിനാരിയുടെ പടിയിറങ്ങുമ്പോള്‍ , "അച്ഛന്‍ പട്ടം" എന്ന മഹത്തായ ദാനം ഈ മണ്‍ പാത്രത്തിനു നീ പറഞ്ഞിട്ടില്ലലോ ഈശോയെ 'എന്നും പറഞ്ഞു ഞാനിറങ്ങി..എന്റെ അപ്പന്റെ കൂടെ ഇരിയ്ക്കാന്‍...അമ്മയുടെ കണ്ണീരു തുടയ്ക്കാന്‍..എന്റെ കൂടപിറപ്പുകളുടെ കൂടെ നടക്കാന്‍.
എന്തുകൊണ്ടാനെന്നോ ,എനിയ്ക്ക് എന്റെ അപ്പനെ ഇത്ര ഇഷ്ടം..അമ്മയെ ഇത്ര ജീവന്‍...!! എന്റെ കൂട പിറപ്പുകളോടുള്ള ഈ അടക്കാന്‍ വയ്യാത്ത കടപ്പാട്... ഞങ്ങള് ജീവിച്ചത് ഇല്ലായ്മയുടെ വറുതി പുറതതായിരുന്നെന്കിലും...സ്നേഹത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല...അവര്‍ക്ക് ഞാന്‍ രാജാവാണ്..സന്തോഷിനു എന്തും കഴിയും എന്ന് ലോകത്തില്‍ ഉറച്ചു വിശ്വസിയ്ക്കുന്ന ഒരു കൂട്ടം ആളുകള്‍..അതാണ്‌ എന്റെ കുടുംബം..ഒന്നുമല്ലാത്ത ഞാന്‍ ഒരു ഹീറോ ആണെന്ന് എന്നും വിശ്വസിയ്ക്കുന്ന അവരാണ് എന്റെ ശക്തി..
" ഏതു കാറ്റിലും കെടാത്ത വിളക്കാവട്ടെ " എന്ന് എന്റെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ച എന്റെ അപ്പനും അമ്മയും ഇന്ന് വിവാഹത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിയ്ക്കുകയാണ്..ഇങ്ങു ദൂരെയാണെങ്കിലും ഞാന്‍ ഇപ്പോളും എന്റെ അപ്പന്റെ കൈ പിടിച്ചാണ് നടക്കുന്നത്..അമ്മയുടെ കൂടെയിരുന്നാണ് പ്രാര്തിയ്ക്കുന്നത്. ..എന്റെ പുന്നാര അപ്പനും അമമയ്ക്കും ചക്കരയുമ്മ.....


" ചില മനുഷ്യരുടെ ആകാശങ്ങള്‍ തല്ലികൊഴിയ്ക്കാന്‍ നമുക്കെന്തു ധൃതി ആണെന്നോ.അവന്റെ വസ്ത്രങ്ങളെ,ഭക്ഷണത്തെ,ഭാഷയെ,അവന്റെ ആചാരങ്ങളെ,കുഞ്ഞു വിശ്വാസങ്ങളെ..എല്ലാം അപഹസിയ്ക്കുമ്പോള്‍ ,ഒരു പൊളിചെഴുത്തിന്റെയും സാമൂഹിക പരിഷ്ക്കരണത്തിന്റെയും സുഖം - അല്ല -ആത്മ രതി - നമ്മള്‍ അനുഭവിയ്ക്കുന്നുണ്ടാകാം. നമ്മളിലെ മനുഷ്യ സ്നേഹി സന്തോഷിയ്ക്കുന്നുണ്ടാകാം.അവനെ ,അവന്റെ ചിലന്തി വല കൂട്ടത്തില്‍ നിന്നും,മൂടത്വതില്‍ നിന്നും രക്ഷിച്ചല്ലോയെന്നു...നിങ്ങള്‍ ശരിയായിരിയ്ക്കാം,നൂറു ശതമാനവും. പക്ഷെ ചില മീനുകള്‍ പുതിയ വെള്ളത്തില്‍ ജീവിക്കാറേയില്ല സുഹൃത്തെ...നിന്റെ ഫില്‍റ്റര്‍ ചെയ്ത ധാതു ജലത്തില്‍ ആ പഴയ മീന്‍ ചതതുപോയെക്കാം..കാട്ടില്‍ നിന്നും പറിച്ചെടുത്ത ആദിവാസി നാട്ടില്‍ പിഴച്ചു പോയതെന്തെ..? ഗ്രാമത്തിലെ പള്ളിക്കൂടത്ത്തില്‍ നിന്നും പറിച്ചു നട്ട ആ കുഞ്ഞു, കോണ്‍വെന്ട്ടു സ്കൂളില്‍ വാടിപോയതെന്തെ...? നിന്റെ കുഞ്ഞുങ്ങളുടെ സൌകര്യത്തിനു വേണ്ടി നഗരത്തിലേയ്ക്ക് പറിച്ചു നടപെട്ട വൃദ്ധരായ അച്ഛനും അമ്മയും ,നിങ്ങളുടെ ഡബിള്‍ റൂം ഫ്ലാറ്റില്‍ കൂനികൂടിയിരിയ്ക്കുന്നതെന്താണ്...? നീ മാത്രമല്ല ശരി...മറ്റുള്ളവന്റെ വിശ്വാസങ്ങളെയും ജീവിതത്തെയും അപഹസിയ്ക്കുന്നതിനു മുന്‍പ് ഒന്നോര്‍ക്കുക.സ്നേഹവും കരുതലും ഇല്ലാതെ ഒരു രാജാവും ,ഭരണാധികാരിയും ,വിപ്ലവകാരിയും മനുഷ്യന്റെ ഹൃദയത്തെ നേടിയിട്ടില്ല..നേടിയെന്നു ധരിയ്ക്കുന്നുന്ടെന്കില്‍ അത് മൌട്യമാണ് ..ഇനിയെങ്കിലും ഓര്‍ക്കുക..ഒത്തിരി ഋതുക്കള്‍ നീ കണ്ടിട്ടുണ്ടാകാം..എങ്കിലും അയാള്‍ നനഞ്ഞ അത്രയും മഴ നീ നനഞിട്ടുണ്ടാകില്ല ..
" ജീവിതം എത്ര പേരില്‍ നിന്ന് കടമെടുത്തതാണ്..' ആരെയും ആശ്രയിയ്ക്കാതെയാണ് ഞാന്‍ ഇതുവരെ എത്തിയത് ' എന്നെല്ലാം ചിലര്‍ പറയുമ്പോള്‍ അത്ഭുതതോടെയെ അവരെ നോക്കാന്‍ എനിയ്ക്ക് സാധിച്ചിട്ടുള്ളൂ..എത്ര പേരുടെ ദാനമാണ് ഈ ജീവിതം ദൈവമേ...എന്റെ ജീവിതത്തെ സ്പര്ശിയ്ക്കാതെ , എനിയ്ക്കെന്തെന്കിലും നല്‍കാതെ ആരും കടന്നു പോയിട്ടില്ല എന്നോര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നു...ഒരു ദേവസ്സി ചേട്ടന്‍ , ഷാജി മാഷ്‌ , ബോബിയച്ചന്‍ , ലിസ്റ്റ് എത്രയോ നീളുന്നു. അന്ന് ഞങ്ങള്‍ കുമ്പളങ്ങാട് ആണ് താമസം..പള്ളിയ്ക്ക് തൊട്ടു പുറകില്‍. അനുജന്‍ ആന്റോ പത്താം ക്ലാസ്സ് പരീക്ഷ കൊള്ളാവുന്ന മാര്‍ക്കില്‍ പാസായി , എല്ലാവരും സന്തോഷതോടെയിരിയ്ക്കുന്ന സമയം. സഹായിയ്ക്കാന്‍ ആരുമില്ലാതെ സ്വന്ത പ്രയത്നം കൊണ്ട് പഠിച്ചവനാണ് അവന്‍. സമീപത്തുള്ള എല്ലാ കോളേജുകളില്‍ നിന്നും പുള്ളി അപ്പ്ലിക്കേഷന്‍ ഫോംസും വാങ്ങിവചിട്ടുണ്ട്. കൂട്ടുകാരോടും മറ്റും ചേരാന്‍ ഉള്ള കൊഴ്സുകളെ പറ്റിയും സംസാരിയ്ക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. അന്ന് അപ്പന് പറയത്തക്ക ഒരു ജോലിയൊന്നുമില്ല..ഇടപെട്ടതെല്ലാം പരാജയപെട്ടു തലകുനിച്ചു ഇരിക്കുന്ന കാലം. അപ്പന്‍ കുറെ ദിവസമായി ഉറങ്ങുന്നെയില്ല എന്ന് അമ്മ പറയാറുമുണ്ടാരുന്നു. സാമ്പത്തിക ബുദ്ധിമുട്ടു നല്ലവണ്ണം അലട്ടുന്നുണ്ട്. ജോലിയ്ക്ക് പോകാന്‍ മാത്രം പ്രായമായ ഞാന്‍ അപ്പോള്‍ രണ്ടാംവര്‍ഷം ഡിഗ്രിയ്ക്ക് സെന്റ്‌ .തോമാസ് കോളേജില്‍ പഠിയ്ക്കുകയാണ്.ഒരു ദിവസം സന്ധ്യാ പ്രാര്‍ഥനയും കഴിഞു ആന്റോ അപ്ലികേഷന്‍ പൂരിപ്പിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ അപ്പച്ചന്‍ പെട്ടന്ന് പറഞ്ഞു " എടാ ഒരാള്‍ക്കേ ഇനി പഠിയ്ക്കാന്‍ പറ്റുള്ളൂ ട്ടാ ..ഒരാള് ഏതെന്കിലും പണിയുടെ കാര്യം നോക്കണം. അപ്പന് ഒറ്റയ്ക്കിനി പറ്റില്ല.." ഈ പിന്‍ ഡ്രോപ്പ് സൈലന്‍സ് എന്നൊക്കെ പറയുന്നത് അതായിരുന്നു. അമ്മയും ഞാനും അനിയനും അപ്പച്ചനെ സൂക്ഷിച്ചു നോക്കി..അപ്പച്ചന്‍ മുഖം തിരിച്ചു ഇരിയ്ക്കുകയാണ്..സത്യമായും അവിടെ മൌനം മുറിയ്ക്കേണ്ടത് എന്റെ കടമയാണ് ..ഞാന്‍ മിണ്ടിയില്ല. എത്രമാത്രം സ്വാര്തഥനാണ് ഞാന്‍ എന്ന് ,ഞാന്‍ കൂടെ തിരിച്ചറിഞ്ഞ നിമിഷം. കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം ആന്റോ പറഞ്ഞു " എന്നാ ചേട്ടന്‍ പഠിച്ചോട്ടെ " എന്ന്..ദൈവമേ...!! രണ്ടു ദിവസം കഴിഞ്ഞു വേലൂര്‍ക്ക് സ്വര്ണപണി പടിയ്ക്കാനായി അവന്‍ കൂട്ടുകാരുടെ കൂടെ പോയി.. അവിടെ താമസിച്ചു പണി പഠിച്ചു..വല്ലപ്പോഴും വീട്ടില്‍ വരും. ഒന്നും സംഭവിയ്ക്കാത്ത മട്ടില്‍ നോര്‍മല്‍ ആയി തന്നെ അവന്‍ പെരുമാറി. പക്ഷെ ഒന്ന് ഞാന്‍ ശ്രദ്ധിച്ചു .അവന്റെ കളിയും ചിരിയും എവ്ടെയ്ക്കോ പോയ്‌ പോയി...ഞാന്‍ പിന്നെയും പഠിച്ചു , ഡിഗ്രിയും , പി ജി യും ,ബി എഡും എടുത്തു. അറിവിന്റെ ഹുങ്കില്‍ തല പൊക്കി നടന്നു.വലിയ പ്രസംഗകനായി , സാമൂഹിക പ്രവര്‍ത്തകനായി, ആളുകളുടെ മുന്നില്‍ മാന്യനായി നടന്നു( അല്ലെങ്കില്‍ അങ്ങനെയോക്കെയാനെന്നു സ്വയം നടിച്ചു ). എന്റെ കുഞ്ഞു , ആരോടും അധികം സംസാരിയ്ക്കാതെ ,ആരാലും അറിയപ്പെടാതെ എന്റെ നിഴലില്‍ നടന്നു. സന്തോഷിന്റെ അനുജന്‍ എന്ന് മാത്രം പരിചയപ്പെടുത്തി. പിന്നീട് കൂടിയ ജോലിയും പത്രാസുമായി നടക്കുംബോളും ,തൊണ്ടയില്‍ കുരുങ്ങിയ മുള്ള് പോലെ..കാലില്‍ ഉണങ്ങാത്ത വ്രണം പോലെ , എന്റെ സ്വാര്തഥത എന്നെ നാണിപ്പിച്ചു..കരയിപ്പിച്ചു. അന്ന് ഞാന്‍ ചെയ്യേണ്ടുന്ന കടമയാണ് അവന്‍ ചെയ്തത്. പക്ഷെ ഇന്ന് വരെ അവന്‍ ഒരു വാക്ക് കൊണ്ടുപോലും പരാതി പറഞ്ഞിട്ടില്ല.പടിപ്പില്ലാത്തതിന്ടെ പേരില്‍ ഒത്തിരി അപമാനിയ്ക്കപെട്ടിട്ടും , കുത്ത്‌വാക്ക് പറഞ്ഞിട്ടില്ല. എപ്പോളോക്കെ പണം ആവശ്യപ്പെട്ടോ അപ്പോളൊക്കെ പേഴ്സ്സ് എടുത്തു മുന്നിലെക്കിട്ടു തന്നു. എത്ര എടുത്തു ?എന്നും ചോദിച്ചിട്ടില്ല. പിന്നീട് ഏറ്റു പറയാന്‍ ധൈര്യം തോനിയപ്പോള്‍ എല്ലാം പറഞ്ഞു ഞാന്‍ പൊട്ടി കരഞ്ഞു. അപ്പോളും 'അതൊന്നും സാരല്യ..അന്ന് അത് ചെയ്തതുകൊണ്ട് നമ്മള്‍ രക്ഷപെട്ടു' ..എന്നും മറ്റും പറഞ്ഞു ആശ്വസിപ്പിച്ചു..എന്റെ കൂടപിറപ്പു ,ഒരിയ്ക്കലും എന്നെ തള്ളിപറഞ്ഞില്ല. ബുദധിയുറച്ച നാള്‍ മുതല്‍ ഞങ്ങള്‍ വഴക്കിട്ടിട്ടുമില്ല..എനിയ്ക്കറിയാം , ഈ ജീവിതം , എന്റെ അറിവ് എല്ലാം അവന്‍ സ്നേഹപൂര്‍വ്വം നീട്ടി തന്ന ഭിക്ഷയാണെന്നു..ആന്റോ , എന്റെ കുഞ്ഞനുജന്‍ നാളെ വിവാഹിതനാവുകയാണ്.( 7-4-13 Sunday ) ഈ രാത്രിയില്‍ ദൂരെയിരുന്നു ഈ കുറിപ്പ് (കുറെ തവണ എഴുതിയും , ഡിലീറ്റ് ചെയ്തും വച്ച )എഴുതുമ്പോള്‍ ,കണ്ണ് നിറയുന്നു.. .ഞാന്‍ , അമ്മ ഉണ്ണാതെ വച്ച ചോറും കറിയുമാണെന്കില്‍, എന്റെ അറിവ് - അവന്‍ എനിയ്ക്ക് തന്ന സ്നേഹ ഭിക്ഷയാണ്..നന്നായി വരും ..നന്നായെ വരൂ..!!!

" ഒരു കൂട്ടുണ്ടായിരിയ്ക്കുക എന്നതാണ് പരമ പ്രധാനം എന്ന് തോനുന്നു. ഒരു നാര്സ്സിസിന്റെയോ , പോളിഫീമസിന്റെയോ ജന്മം എല്ലാവര്‍ക്കുമുള്ള ഒരു സാധ്യത അല്ലല്ലോ. തന്റെ അനന്തമായ ഏകാന്തതയില്‍ നിന്നല്ലേ ദൈവം പോലും മനുഷ്യന് ജന്മം കൊടുത്തത്. കപ്പല്‍ ച്ചേദത്തില്‍ പെട്ട് ഒരു ദ്വീപില്‍ ഒററ്പെട്ടുപോയ ഒരു കടല്കൊള്ളക്കാരന്ടെ കഥ എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. നാളുകള്‍ കഴിഞ്ഞപ്പോള്‍ ഏകാന്തതയില്‍ ആശ്വാസം കണ്ടെത്താന്‍ വേണ്ടി അയാള്‍ കടല്‍ കരയില്‍ കണ്ട ഒരു ആമയുമായി കൂട്ടായത്രേ. അതിനോട് അയാള്‍ സംസാരിച്ചു.വയ്കി വന്നതിനെ പ്രതി പരിഭവിച്ചു..പിണങ്ങി...ഒപ്പം ചിരിയ്ക്കാന്‍ ക്ഷണിയ്ച്ചു. അതെ ,ഒന്ന് ഒററ്ക്കാകുമ്പോള്‍ അറിയാം അതിന്ടെ സങ്കടം. " ഒറ്റയല്ല...ഒറ്റയലൊററ്യല്ല..നമ്മള്‍ ഒറ്റയല്ല .." മുല്ലനേഴി മാഷിന്റെ വരികള്‍ കാതില്‍ മുഴങ്ങുന്നു..ജീവിതത്തില്‍ ഒററ്യ്ക്കാണെന്നു പറയുന്ന കൂട്ടുക്കാരെ...അല്ല, നിങ്ങള്‍ ഒറ്റയല്ല...ഈ ജീവിതത്തില്‍ എത്രയോ കൂട്ടുകാര്‍...സ്നേഹിയ്ക്കാന്‍ മാത്രമറിയാവുന്ന ഭാര്യ,കാമുകി,പെങ്ങള്‍, അനുജന്‍,...അങ്ങനെ എത്ര പേര്‍...ഇതാ ഇത് വായിയ്ക്കുന്ന നീയും ..ഹാ..ഞാന്‍ ഒറ്റയെ അല്ല.! "
" എക്താരയ്ക്ക് വേണ്ടി വൈശാഖന്‍ മാഷിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ മാഷിന്റെ വീട്ടില്‍ ചെന്നപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത് . നാട് വിടുന്നതിന്റെ ഒരു കുഞ്ഞുസന്കടം പങ്കുവച്ചപ്പോള്‍ ഒരു ആശിര്‍വാദം പോലെ സാറ് പറഞ്ഞു. ' തിരിച്ചുവരാം സന്തോഷെ...ജീവിയ്ക്കാനായി ഒരല്‍പം കരുതിവച്ചിട്ടു തിരികെ വാ..' യാത്രപറഞ്ഞു ഇറങ്ങുമ്പോള്‍ സാര്‍ കൈവീശി വീട്ടുപടിയ്കല്‍ നില്‍ക്കുന്നത് ഇപ്പോഴും ഓര്‍ക്കുന്നു. നാട്ടില്‍ ഇപ്പോള്‍ പെരുമഴക്കാലത്തിന്ടെ ആടി മാസം. ഇവിടെ ഈ മരുഭൂമിയില്‍ എന്നും വൈശാഖ മാസമാണ്..വേനലറുതിയുടെ വൈശാഖം ..! എങ്കിലും മനസ്സില്‍ ഓര്‍മ്മകള്‍ തോരാതെ പെയ്യാ...കണ്ണടച്ചാല്‍ ഞാനും അറിയുന്നുണ്ട് ആ ഇടവമാസ പെരുമഴ..."
" എല്ലാവര്ക്കും ചേക്കേറാന്‍ ഒരു ചില്ല വേണം..ഏതെന്കിലും ഒരു ചില്ല...ചിലര്‍ക്കത് സായാഹ്നത്തില്‍ തിരിച്ചു വരുമ്പോള്‍...ഒരു കതക്..ഒരു പുഞ്ചിരി..ആവി പറക്കുന്ന ഒരു കപ്പു ചായ..കുഞ്ഞു മാലാഖയുടെ ഒരു ആലിംഗനം..മറ്റു ചിലര്‍ക്ക്, .ചാരുബെഞ്ചിലെ ദീര്‍ഘ ശാന്തത..മങ്ങിയ ഒരു കണ്ണടയിലൂടെ എത്തി നോക്കുന്ന രണ്ടു കണ്ണുകള്‍.. അമ്മയുടെ കറി മണക്കുന്ന രൂപം..കരിപുരണ്ട അടുക്കളയുടെ പഴമയേരുന്ന ഗന്ധം .. ഇനിയും ചിലര്‍ക്ക് ശാന്തമായോരിടം..ഒരു പ്രാര്‍ഥന..ഒരിത്തിരി മെഴുകുതിരി വെട്ടം..ശ്രവിക്കാന്‍ തയ്യാറാകുന്ന ഒരു ദൈവം.. ഓ ദൈവമേ..എത്ര സുന്ദരമാണ് നീ തന്ന ഈ ജീവിതം.." 
" ഈയിടെയായിട്ടു നിത്യതയുടെ വാതില്‍ തുറന്ന് ചില പ്രിയപെട്ടവര്‍ ഉറക്കത്തില്‍ വിരുന്നുവരുന്നുണ്ട്. പഴയ കഥകളും പറഞ്ഞു ,ഒത്തിരി സന്തോഷത്തില്‍. ആദ്യം തോമാസ്സായിരുന്നു വന്നത്..മറന്നുപോയോ..? നമ്മുടെ കുണ്ടന്നൂര്‍ പള്ളിയുടെ അടുത്തുണ്ടായിരുന്ന , ഷോക്കേറ്റു മരിച്ചുപോയ തോമാസ്..ഒന്ന് തൊട്ടു ഏഴു വരെ ഒപ്പം പടിച്ച എന്റെ സുഹൃത്ത് . ഒരു രാത്രി അവന്‍ വന്നു കുറെ കഥകള്‍ പറഞ്ഞു..പിന്നെ എന്റെ തോളില്‍ കയ്യിട്ടുകൊണ്ട് ഞാനറിയാത്ത ഏതോ വിജനമായ വഴിയിലൂടെ എന്നെ എവിടേയ്ക്കോ കൊണ്ടുപോയി..
പിന്നെ വന്നതു പെരിങ്ങിണി പുഴയുടെ അടുത്ത് താമസിച്ചിരുന്ന വറതപ്പേട്ടനും ചേടത്തിയുമായിരുന്നു..രണ്ടുപേരും ഒത്തിരി നല്ല മനുഷ്യര്‍..രാത്രിയില്‍ പുഴയുടെ തീരം കുറ്റാകൂരിരിട്ടാകുമ്പോള്‍ വഴിയാത്രക്കാര്‍ക്ക്‌ വേണ്ടി ചൂട്ടു കത്തിച്ചു കൊടുത്തിരുന്നവര്‍..ഇപ്പോളും അവര്‍ക്ക് ആ ലളിതമായ വസ്ത്രങ്ങള്‍ തന്നെയായിരുന്നു കേട്ടോ...നീണ്ട കാക്കി ജുബ്ബയും കള്ളി മുണ്ടും ധരിച്ചു വറതപ്പേട്ടന്‍ , ചേടത്തി പതിവ് കള്ളിമുണ്ടും , വെള്ള ചട്ടയുമായി..കുറച്ചു നേരം നിന്ന് കുശലം പറഞ് അവരങ്ങിനെ യാത്ര പറഞ്ഞു പോയി...
ഇന്നലെ വന്നത് അന്തോണി വല്ല്യപ്പനായിരുന്നു..അപ്പന്റെ രണ്ടാമത്തെ ചേട്ടന്‍..(ഈ വല്യപ്പനാണ് ഞാന്‍ ജനിചൂന്നു അറിഞ്ഞപ്പോള്‍ മതില്‍ എടുത്തു ചാടി സന്തോഷത്തോടെ മൂന്നു വട്ടം കൂവിയത്- ആണ്‍കുട്ടികള്‍ ജനിച്ചാല്‍ അതാണ്‌ നാട്ടു നടപ്പ് .) ഒത്തിരി നേരം സംസാരിച്ചു.." നീ എന്നെ ഓര്‍ക്കുന്നുണ്ടോ ഡാ.." എന്ന് ചോദിച്ചപ്പോള്‍ " എങ്ങനെ മറക്കാനാ വല്യപ്പാ.." എന്ന് ഞാന്‍ പറഞ്ഞു. " വല്ലോടത്തും കുടിച്ചു കെടക്കണതാവും ല്ലേ നീ ഓര്‍ത്തത്‌..? ഒട്ടൊരു സന്കടമുണ്ടാരുന്നു ആ ചോദ്യത്തിന് ..സത്യായിട്ടും അതല്ല ട്ടോ ഞാന്‍ ഓര്‍ത്തേ..പണ്ട് , ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തു എന്റെ അപ്പന്‍ കുറെ വാഴ നട്ട വിവരം വല്യപ്പന്‍ എങ്ങനെയോ അറിഞ്ഞിരുന്നു..പെരിങ്ങിണി പുഴയുടെ അടുത്ത് നിന്ന് ഒരു പാട്ട് കേള്‍ക്കുന്നണ്ടല്ലോ എന്ന് അമ്മ പറഞ്ഞപ്പോള്‍ അപ്പന്‍ കാതോര്‍ത്തു ..മ്മടെ ചെറിയെട്ടനല്ലെ അത് എന്നും പറഞ്ഞു മുറ്റതെയ്ക്കിറങ്ങി.. " മലയപ്പുലയനാ..മാടത്തിന്‍ മുറ്റത്ത് , മഴ വന്ന നാളൊരു വാഴ വച്ചു..." വല്യപ്പന്‍ പാട്ടും പാടി വരുന്നത് കണ്ടപ്പോള്‍ അപ്പന്റെ കണ്ണില്‍ ഒരു ചെറിയ നനവ്‌...ഞാന്‍ നോക്കുമ്പോള്‍ തോളില്‍ ഒരു കുഞ്ഞു നായ കുട്ടിയും ഉണ്ട്...അപ്പനെ കണ്ടപാടെ വല്യപ്പന്‍ ഉറക്കെ വിളിച്ചു.." വര്‍ക്ക്യെ..." നായകുട്ടിയെ എന്റെ കയ്യില്‍ തന്നിട്ട് വല്യപ്പന്‍ പറഞ്ഞു " ഡാ ഇതിനെ നന്നായി നോക്ക്യോളോ ട്ട.. നല്ല ഉശിരനാ ഇവന്‍.." ഒരു നാടന്‍ നായകുട്ടി...ഞങ്ങള്‍ അവനെ ബാബു ന്നു വിളിച്ചു..ഇതൊക്കെ പറഞ്ഞപ്പോള്‍ വല്യപ്പന് സന്തോഷായി...' നീയതോക്കെ ഇപ്പളും ഓര്ക്ക് ണ് ണ്ട് ല്ലേ ' ..കണ്ണ് നിറയുന്നുണ്ടാരുന്നു...പിന്നെ ഒന്നും മിണ്ടാതെ മാഞ്ഞു പോയി...അതോ ഞാന്‍ ഉറക്കമുണര്ന്നോ..?
" അന്ന് ഞങ്ങള്‍ തൃക്കണാപതിയാരത്ത് ആണ് താമസിയ്ക്കുന്നത്. തൃക്കണ്‍ പതിയുന്ന ഓരം ( ശിവന്റെ അധിനിവേശം ഉള്ള ഇടം എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നു ) - അതാണ്‌ തൃക്കണാപതിയാരം.ചിറ്റണ്ടയ്ക്ക് പോകുന്നവര്‍ക്ക് ഇവിടം കഴിഞ്ഞാല്‍ പിന്നെ കുറ്റാകൂരിരിട്ടാണ് വഴി..കണ്ണെത്താത്ത ദൂരത്തോളം നീണ്ടു കിടക്കുന്ന വയലുകള്‍...ഒരു മിന്നാമിന്നി പോലും ഉണ്ടാവില്ല വെളിച്ചത്തിന്. വീടുകളുമില്ല.ആ വഴിപോകുന്നവര്‍ എല്ലാം നേരം ഇരുട്ടുന്നതിനു മുന്‍പേ വീടുപറ്റും. ചിറ്റണ്ട കഴിഞ്ഞാല്‍ വീണ്ടും ഇരുട്ടിന്റെ പാതാളമാണ്. ഞാന്‍ അന്ന് ഒന്നാം ക്ലാസ്സില്‍ പോലും പോകുന്നില്ല. എനിക്ക് ഓര്തെടുക്കാവുന്ന ഏറ്റവും പഴയ ഓര്‍മകളില്‍ ഒന്നാണിത്. രാത്രിയായാല്‍..ഞാന്‍ ചിറ്റണ്ടയ്ക്ക് പോകുന്ന കൂരിരുട്ടിന്റെ വഴിയിലെയ്ക്ക് ഒന്ന് പാളി നോക്കും..ഭയം കൊണ്ട് എന്റെ കണ്ണ് വിടര്ന്നുവരും. പിന്നെ ഇറുക്കിയടയ്ക്കും. ഭയം എന്നില്‍ കൂട് കൂട്ടുന്നത്‌ അന്ന് മുതലായിരിയ്കണം. ആ വഴിയിലെയ്ക്ക് നോക്കുന്നത് ചുമ്മാ ഇരുട്ടിനെ നോക്കാനല്ല..രാധയുടെ അമ്മയെങ്ങാനും വരുന്നുണ്ടോ എന്ന് നോക്കുവാനാണ്. (ഇവടെ പേരുകള്‍ മനപൂര്‍വം ഞാന്‍ തെറ്റിച്ചു എഴുതുകയാണ് . നാട്ടിലെ കഥയാണ്‌. പല കഥാപാത്രങ്ങളും ഇനിയും മരണം കാത്തു കിടപ്പുണ്ട് ) ഇളയമ്മയാണ് ആ കഥ പറഞ്ഞത്. എന്നോട് പറഞ്ഞതല്ല കേട്ടോ , മുതിര്‍ന്ന ചെചിമാരോട് പറഞ്ഞപ്പോള്‍ ഞാനും കേട്ടൂ. നാട്ടിലെ പ്രമാണിയും ജന്മിയുമായ ഒരു കാര്ന്നവര്‍ക്ക് രാധയുടെ അമ്മയോട് ഒരിഷ്ട്ടം..വഴങ്ങില്ലാ എന്ന് കണ്ടപ്പോള്‍ ബലം പ്രയോഗിച്ചു. ഉപയോഗം കഴിഞ്ഞപ്പോള്‍ മൂന്നു ആണുങ്ങള്‍ കൂടി ചവിട്ടി കൊന്നുവേത്രെ. അവരും അന്നത്തെ കരപ്രമാണിമാര്‍ തന്നെ. ഇത് എഴുപതുകള്‍ വരെ എല്ലാ നാട്ടിലും സര്‍വ്വ സാധാരണമായ കഥകളാണ് അല്ലെ..എന്നാല്‍ ഇത് അവിടം കൊണ്ട് തീര്ന്നില്ല. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി ഏകദേശം ഒരു 12 മണിയാകുമ്പോള്‍ ' അമ്മേ അമ്മേ ' എന്നും കരഞ്ഞു വിളിച്ചുകൊണ്ട് ചിറ്റണ്ട പാടത്ത് നിന്നും ഒരു സ്വരം നമ്മുടെ വീടിന്റെ മുന്നിലെ റോഡിലൂടെ കടന്നുപോക്‌ുനത് കേള്‍ക്കാം ..അത് , പിന്നെ ചേറ്റുട്ട്യാരുടെ വിജനമായ പറമ്പിന്റെ അടുത്ത് റോഡില്യ്ക്ക് ചാഞ്ഞു നിക്കുന്ന കൂറ്റന്‍ ഈത്ത മരത്തില്‍ കയറിയിരിയ്ക്കും (രാധയുടെ അമ്മയാണ് അത്)...കുറെ കഴിഞ്ഞാല്‍ നമ്മുടെ വീടിന്റെ സമീപത്തുകൂടെ ആനമുക്കിലെയ്ക്കും ആ സ്വരം പോകുന്നത് കേള്‍ക്കാം ..ഒപ്പം ഒരു ചങ്ങലയുടെയോ , കൊലുസ്സിന്റെയോ കിലുക്കവും കേള്‍ക്കാറുണ്ട് " ഞാന്‍ കേട്ടിട്ടുണ്ട് ആ കരച്ചില്‍ " എന്ന് കൂടി ഇളയമ്മ കൂട്ടിച്ചേര്‍ക്കുമ്പോള്‍ കേട്ടിരിയ്ക്കുന്നവരുടെ കണ്ണുകള് തള്ളി വരാറുണ്ട്..(എന്റെയും)..ഹൃദയ മിടിപ്പ് എനീയ്ക്ക് കേള്‍ക്കാവുന്ന ഉച്ചത്തിലാകും .നട്ടുച്ചയ്ക്ക് വരെ ഇരുട്ടിലാണ് ഈ ഈത്തമരം നില്‍ക്കുന്നയിടം .സകല മനുഷ്യരും അവടെ എത്തുമ്പോള്‍ നടത്തത്തിന് ഒരല്‍പം വേഗം കൂട്ടും. ഞാനും ചേച്ചിയും കൂടി സ്കൂളില്‍ പോകുമ്പോള്‍ - ഒറ്റയ്ക്കാണെന്കില്‍ , അവിടെയെത്തുന്ന സമയം ഒരായിരം തവണ കുരിശു വരയ്ക്കുകയും നിലത്തെയ്ക്ക് തുപ്പുകയും ചെയ്യാറുണ്ട്. തീര്‍ത്തും വിജനമായ ആ സ്ഥലത്ത് രാത്രിയില്‍ വഴി നഷ്ട്ടപെട്ടു നില്‍ക്കുന്നതായിരുന്നു അന്നത്തെ എന്റെ ദുസ്വപ്നങ്ങളില്‍ ഒന്ന്. വെള്ളിയാഴ്ചകളില്‍ ഉറക്കം വരാതെ വീടിന്റെ വരാന്തയില്‍ അപ്പന്റെ കൂടെ കിടക്കുമ്പോള്‍ ,കാതുകൂര്‍പ്പിച്ചു ചങ്ങല കിലുക്കം കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ത്ത് കിടക്കുന്ന ഒരു കുഞ്ഞിനെ എനിയ്ക്ക് ഇപ്പോളും ഓര്തെടുക്കാനാവുന്നുണ്ട്.
" പറയത്തക്ക പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരാളാണ് എന്റെ അപ്പന്‍ - ചുങ്കത്ത് പൊറിഞ്ചുണ്ണി വര്‍ഗ്ഗീസ് - നാട്ടുക്കാരും ബന്ധുക്കളും - വര്‍ക്കി എന്നും വിളിയ്ക്കും. എനിയ്ക്ക് ഓര്‍മ വയ്ക്കുമ്പോ അപ്പന് പലചരക്ക് കട , മാവേലി സ്റ്റോര്‍ , സ്റ്റേഷനറി കട ,വിറകു കച്ചവടം തുട്ങ്ങീ കുറെ കച്ചവടങ്ങള്‍ ഉണ്ട് .കൊള്ളാവുന്ന രീതിയില്‍ ജീവിയ്ക്കുന്നുമുണ്ടാരുന്നു. രണ്ടോ മൂന്നോ കൊല്ലങ്ങള്‍ക്കുള്ളില്‍ ഇതെല്ലാം വെറുമൊരു സ്വപ്നം പോലെയായി തീര്‍ന്നു. ജീവിതം ഞെരുങ്ങിയും ഞെങ്ങിയും മാത്രം ഓടാന്‍ തുടങ്ങി. ഏറ്റവും ഒടുവില്‍ ജീവിയ്ക്കാന്‍ വേണ്ടി ലോട്ടറി കച്ചവടക്കാരനുമായി അപ്പന്‍.
ആളുകള്‍ക്ക് പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ഒരാളാണ് എങ്കിലും ഞങ്ങള്‍ക്ക്, ജീവിതം അസാമാന്യമായ വിപദി ധൈര്യം കൊണ്ട് ജീവിയ്ക്കാന്‍ പഠിപ്പിച്ച ഒരു വലിയ പാഠശാലയാണ് അപ്പന്‍.
ഇന്നും അപ്പന്‍ എന്നത് , എനിയ്ക്ക് ഇനിയും വായിച്ചുതീരാത്ത്ത മറ്റൊരു വേദപുസ്തകമാണ്.
ബോബിയച്ചന്‍ ഒരിയ്ക്കല്‍ പറഞ്ഞതോര്‍ക്കുന്നു. ' അമ്മ ഒരു കുഞ്ഞിനു തന്റെ ശരീരം മുറിച്ചു നല്‍കുമ്പോള്‍ , അപ്പന്‍ നല്‍കുന്നത് തന്റെ തന്നെ ഹൃദയമാണ് എന്ന് " ഒരു വാഴ്വില്‍ അമ്മ മക്കളോട് അനവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടാകും.. ഓര്‍ത്തെടുക്കാന്‍ പോലും കഴിയാത്ര അത്ര. എന്നാല്‍ ഒരപ്പന്‍ , ഉള്ളം കയ്യില്‍ കൂട്ടി വയ്ക്കാവുന്ന അത്രയേ പറഞ്ഞിട്ടുണ്ടാകുകയുള്ളൂ എന്ന്..ശരിയാണ്..നൂറു ശതമാനം ശരി..!!
രണ്ടു വര്‍ഷങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം അപ്പന്‍ എന്നെ കണ്ടത് കണ്ണുകള്‍ കൊണ്ടാല്ലായിരുന്നു...ഹൃദയംകൊണ്ടായിരുന്നു..( അമ്മയും കൂടപിറപ്പുകളും അങ്ങനെ തന്നെയാണ് കേട്ടോ..) ഒരു സന്ധ്യയ്ക്ക് എല്ലാവരും ഒന്നിചിരിയ്ക്കുമ്പോള്‍ , അപ്പന്‍ പറയാന്‍ തുടങ്ങി..' കേട്ടോ മെറിനെ , സന്തോഷിനെ അവന്റെ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ക്ക് ഉണ്ടായിരുന്ന ഒന്നും തന്നെ കൊടുക്കാന്‍ എനിയ്ക്ക് കഴിഞ്ഞിട്ടില്ലാരുന്നു . വേണ്ടത്ര സ്വാതന്ത്ര്യം പോലും. തൊട്ടുമുന്നില്‍ പുഴ ഉണ്ടായിരുന്നിട്ടും , ഞാന്‍ അവനെ നീന്താന്‍ വിട്ടില്ല. സൈക്കിള്‍ ചവിട്ടാനും വിട്ടില്ല. എന്തിനു , എവിടെയെങ്കിലും ഉയരത്തില്‍ കേറി നില്‍ക്കാന്‍ പോലും ഞാന്‍ സമ്മതിയ്ക്കില്യാരുന്നു.(എന്നെ പിന്നീട് സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിയ്ക്കുന്നതു അനിയന്‍ ആന്റൊയാണ് , അതും ഞാന്‍ ഡിഗ്രീ രണ്ടാം വര്ഷം പഠിയ്ക്കുമ്പോ.) ഇവന് എന്തേലും അപകടം പറ്റിയാലോന്നുള്ള ഭയാരുന്നു എനിയ്ക്ക്. ഇവന്‍ തല്ലുകൊണ്ടതുപോലെ ആരും കൊണ്ടിട്ടുണ്ടാവില്യ..സ്റ്റെല്ല പോലും ..( അത് എന്റെ നേരെ മൂത്ത ചേച്ചിയാണ് ). നാശായിപോവല്ലെ ദൈവമേ എന്ന് ചിന്തിചിട്ടാണ് . എന്താ ചെയ്യാ..അത്രയ്ക്കുള്ള അറിവേ ഉണ്ടാരുന്നുള്ളൂ എനിയ്ക്ക്..മനുകുട്ടനെ അങ്ങനെയൊന്നും വളര്‍ത്തരുത് ട്ടാ .." ഇത്രയും പറയുമ്പോ അപ്പന്റെ കണ്ണിലെ നനവ്‌ എനിയ്ക്ക് കാണാമായിരുന്നു..എന്റെ അപ്പാ..അന്നും ഇന്നും അപ്പന്‍ എനിയ്ക്ക് തന്നിട്ടുള്ളതുമാത്രാ ധനവും അറിവുമായിട്ടുള്ളൂ എന്റെ കയ്യില്‍. ശരാശരിയെക്കാളും താഴെ കഴിവുകളുള്ള ഞാന്‍ ഇപ്പോളും ജീവിതത്തില്‍ പിടിച്ചു നില്‍ക്കുന്നുണ്ടല്ലോ..ദൈവകൃപ..ഒപ്പം എന്റെ അപ്പന്റെം അമ്മേടേം പ്രാര്‍ഥനയും..അതുമതി എനിയ്ക്കെന്നും...
ഇന്ന് എന്റെ അപ്പന്റെ പിറന്നാളാണ്...ഒരായിരം ആയുരാരോഗ്യ - പ്രാര്തനാശംസകള്‍.അപ്പാ...!!
ഇപ്പോളും അപ്പന്റെ മുന്നില്‍ ഞാന്‍ എത്ര കുഞ്ഞാണ്..അറിവിലും പ്രായത്തിലും...
സത്യം ..ഇന്നും അപ്പന്‍ എന്നത് എനിയ്ക്ക് ഇനിയും വായിച്ചുതീരാത്ത്ത മറ്റൊരു വേദപുസ്തകമാണ്.

" ....സ്വപ്‌നങ്ങള്‍ വഴിമുട്ടി നിന്ന ആ സായാഹ്നത്തില്‍ കടല്‍ക്കരയില്‍ നിന്നും തിരിച്ചു നടക്കുകയായിരുന്നു അയാള്‍ . ഇരുട്ട് പരന്നിരിയ്ക്കുന്നു. എന്തോ മുന്‍പില്‍ തടഞ്ഞെന്നു തോന്നി. നോക്കിയപ്പോള്‍ അഞ്ചോ ആറോ വയസ്സുള്ള ഒരു ആണ്‍കുട്ടി. അയാളുടെ പാന്റിന്റെ സിബ്ബില്‍ കൈ വച്ചിരിയ്ക്കുന്നു. അമ്പരപ്പോടെ കൈ തട്ടിമാറ്റി. അന്നേരം ഇരുട്ടില്‍ നിന്നും നന്നെ മെലിഞ്ഞ ഒരു സ്ത്രീ പ്രത്യക്ഷപെട്ടു. ഒക്കത്ത് അവളെക്കാള്‍ ശോഷിച്ച മറ്റൊരു കൈകുഞ്ഞു, കരഞ്ഞുകൊണ്ടിരിയ്ക്കുന്നു . " അവനെ സാറിനു എങ്ങനെവേണമെങ്കിലുംഎന്തിനു വേണമെങ്കിലും ഉപയോഗിയ്ക്കാം. അവനു അതിലൊക്കെ നല്ല പരിചയമുണ്ട് സാര്‍..എനിയ്ക്ക് വയ്യാത്തതുകൊണ്ടാണ് . അതുകൊണ്ടാണ് സാര്‍. രണ്ടുരൂപ തന്നാല്‍ മതി സാര്‍...നാല് റൊട്ടി വാങ്ങാനുള്ള കാശ്..." ഹൃദയമിടിപ്പ് നിലച്ചു ...തല കറങ്ങുന്നുവോ... ..ദൈന്യതമുറ്റിയ ആ കുഞ്ഞു കൈയ്യിലെയ്ക്ക് പോക്കറ്റില്‍ തടഞ്ഞ നോട്ടുകള്‍ വാരിയിട്ട് അയാള്‍ കടലിനു നേരെ ഓടി..."
' ഒടിയന്‍ ' എന്ന മനോഹരമായ നോവലിന് ശേഷം ശ്രീ.പി .കണണന്‍ കുട്ടിയുടെ രണ്ടാമത്തെ നോവലാണ്‌ ' നിചാത്തം ' മഹാനഗരത്തിന്റെ കഥ പറയുന്ന ഒരു സ്ത്രീ പക്ഷ നോവല്‍ - മോശമായിട്ടില്ല , അത്രമാത്രം. ..എങ്കിലും ഈ വരികളിലൂടെ കടന്നുപോയപ്പോള്‍...ദൈവമെ..ഹൃദയം നിലച്ചുപോയപോലെ..നോവലിസ്റ്റിന്റെ തന്നെ നേരനുഭവങ്ങളുടെ അക്ഷര ചാര്‍ത്താണിതെന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍ എന്തായാലും നുണയായിരിയ്ക്കാന്‍ വഴിയില്ല. ( സമാനമായ ഒരനുഭവം അയാള്‍ തന്നെ വിവരിച്ചു ..പണ്ട് അയാള്‍ സേലത്ത് വഴികച്ച്ചവടം നടത്തുന്ന കാലത്ത്...)
രണ്ജിപണിക്കര്‍ നിരയൊപ്പിച്ചു എഴുതിവച്ച വാക്കുകള്‍ തലയില്‍ മൂളുന്നുണ്ട്..' അച്ചടിച്ചു വച്ച അക്ഷര താളുകളിലൂടെ നീ പഠിച്ച ഇന്ത്യ ...."
ആരെയാണ് നമ്മള്‍ കുറ്റം പറയേണ്ടത്..സ്വാതന്ത്ര്യാനന്തരം നാട് ഭരിച്ച കൊണ്ഗ്രസ്സിനെയോ..ബംഗാളിനെ പോലും മാറ്റം വരുത്താന്‍ കഴിയാതെ പോയ കമ്മുനിസ്ട്ടു ഭരണത്തെയോ...അതോ ബി ജെ പിയേയോ....?
ആരെയും കുറ്റപെടുത്താനല്ല ഈ കുറിപ്പ്. ...നാളിതുവരെ ഈ മനുഷ്യരെയൊന്നും ഓര്‍ക്കാന്‍ പോലും മനസില്ലാതിരുന്ന ഞാന്‍ ആരെ പഴി പറയാനാണ്..കഥാവശേഷന്‍ ' എന്ന സിനിമയില്‍ ദിലീപിന്റെ കഥാപാത്രം ആത്മഹത്യ ചെയ്തപ്പോള്‍ - അതിഭാവുകത്വം - എന്ന് ആക്ഷേപിച്ച എന്റെ വികല ബുദ്ധിയെ ഞാന്‍ തന്നെ പഴിയ്ക്കട്ടെ...ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നിമിഷം - പരാതിയും പരിഭവവും പറഞ്ഞുള്ള എന്റെ തന്നെ ജീവിതത്തെ വെറുത്തുപോയി...
ഇന്ത്യ മഹത്തായ രാജ്യമാണെന്ന് പറയുമ്പോള്‍ എന്തോ തൊണ്ടയില്‍ കയ്പ്പ് ചുവയ്ക്കുന്നു.
വളരുന്ന ഇന്ത്യ യില്‍ തളരുന്ന ഇന്ത്യക്കാരനെ ആരും കാണാതെ പോകുമ്പോള്‍ വികസനം എന്നത് ഏറ്റവും വലിയ അശ്ലീല പദം മാത്രമായി മാറുകയാണ് .. ഒരു വോട്ടിനു മുപ്പതു രൂപ വച്ച് അറുപതു രൂപ റൊക്കമായി കയ്യില്‍ കിട്ടുന്ന മഹാ സുദിനമാണ് വരാന്‍ പോകുന്ന ഇലക്ഷന്‍ ദിനം എന്ന് ബായി പറയുമ്പോള്‍ മനസിലാകുന്നുണ്ട് വിശപ്പ്‌ തന്നെ ഏറ്റവും വലിയ സത്യവും യാഥാര്ത്യവും എന്ന് ..ഒരുപക്ഷെ മരണത്തെക്കാള്‍ ശക്തം..!



"ശ്രീ. രണ്ജിത്തിന്റെ 'പ്രാഞ്ചിയേട്ടനും പുണ്യാളനും' എന്ന സിനിമ ഇറങ്ങുന്നതിനു മുന്‍പ് ' പ്രാഞ്ചിയെട്ടന്‍ ' എന്നത് ഞങ്ങള്‍ ത്രിശൂര്‍ക്കാര്‍ക്ക് ചാക്കുണ്ണിയേട്ടന്‍ , ലാസറെളെപ്പന്‍ , കുര്യാക്കേട്ടന്‍ , ജോസേട്ടന്‍ എന്ന പോലെയുള്ള വെറുമൊരു പേര് മാത്രായിരുന്നു. എന്നാല്‍ ഇന്ന് അത് ഒരു അവസ്ഥയായി മാറിയിട്ടുന്ടെന്നത് സത്യം..!
വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ ഗ്രാമത്തില്‍ രക്തം ദാനം ചെയ്യുന്ന ആളുകള്‍ വളരെ കുറവായിരുന്നു. പേടിയാരുന്നു എന്നതാണ് സത്യം. മൊത്തം കേരളത്തിന്റെ സ്ഥിതിയും അങ്ങനെ തന്നെയാരുന്നു. എന്നാല്‍ മരിയന്‍ യൂത്ത്സു , ട്രസ്റ്റ് , രക്ത ദാനസമിതി തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തകരുടെ അധ്വാനം കൊണ്ടും , നല്ല മനുഷ്യര്‍ ഒത്തിരി പേര്‍ അവിടെ ഉണ്ടെന്നുല്ലതുകൊണ്ടും ഇപ്പോള്‍ രക്തം ദാനം ചെയ്യാന്‍ എന്റെ ഗ്രാമത്തില്‍ ആര്‍ക്കും ഒരു മടിയുമില്ല. വടക്കാഞ്ചേരി - ഓട്ടുപാറ ഭാഗത്തുള്ള മുഹമ്മദ് എന്നൊ - കുഞ്ഞുമോന്‍ എന്നോ പേരുള്ള ഒരു സി ഐ ടി യു ക്കാരന്‍ മനുഷ്യനുമുണ്ട് - 50 ല്‍ ഏറെ തവണ രക്തം ദാനം ചെയ്തിട്ടുള്ള ഒരാള്‍ ..
തൃശൂര്‍ മുഴുവന്‍ ഓടി നടന്നു രക്ത ദാന സന്ദേശം പ്രചരിപ്പിച്ചു നടന്ന - റവ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് എന്നൊരു അച്ഛനുണ്ട്‌... നാനാജാതി മതസ്ഥരും - സാമൂഹ്യ പ്രവര്‍ത്തകരുമുണ്ട്‌. ഇന്ന് അവരുടെയൊക്കെ പ്രവര്‍ത്തന ഫലമായി രക്ത ദാനത്തെ പറ്റി വലിയ അവബോധം കേരള സമൂഹത്തില്‍ ആകമാനം ഉണ്ട്. രക്തം ദാനം ചെയ്യാന്‍ ഇന്ന് ആര്‍ക്കും ഒരു മടിയുമില്ല.
അപ്പോളാണ് ഒരു വിദ്വാന്‍ - പണ്ടത്തെ നസ്രാണി അമ്മച്ചിമാരുടെ ചട്ടയും മുണ്ടുമെടുത്തു - പാവങ്ങളുടെ ദൈവം - ( പാവങ്ങളുടെ പടത്തലവന്‍ എന്ന ഒരു എ കെ ജി നമുക്കുണ്ടായിരുന്നു. ത്രിശൂക്കാര്‍ക്ക് പരിചയമുള്ള - പാവങ്ങളുടെ പിതാവ് - എന്ന ജോസഫ്‌ കുണ്ടുകുളം മെത്രാനുമുണ്ടായിരുന്നു . പിന്നെ അഗതികളുടെ അമ്മ - മദര്‍ തെരേസയും..ഇതെന്തു മാരണാണാവോ ' ഈ പാവങ്ങളുടെ ദൈവം കര്‍ത്താവെ..! ) എന്ന് സ്വയം അപദാനം ചെയ്തു കേരളത്തില്‍ കിടന്നു അച്ചാലും മുച്ചാലും ഓടുന്നത്. സത്യമാണ് ' പ്രാഞ്ചിയെട്ടന്‍ എന്നത് ഇപ്പോള്‍ വെറുമൊരു പേരല്ല അത് സത്യമായും ' ഒരവസ്ഥയാണ് '. ( സകലമാന നല്ല മനസുള്ള പ്രാഞ്ചിയെട്ടന്മാരും ഈ അനിയനോട് പൊറുക്കുക . നിങ്ങളെ ഞാന്‍ ഉദ്ദേശിചിട്ടെയില്ല...)
ഫാ. ഡേവിസ് ചിറമ്മലും , ശ്രീമതി.ഉമാ പ്രേമനും, ശ്രീ. കൊച്ചൌസേപ്പ് ചിറ്റിലപിള്ളിയും മുതല്‍...ഇങ്ങേയറ്റം എന്റെ സഹപാഠിയും സുഹൃത്തുമായ ഫാ. ആന്റണി കുരുതുകുളങ്ങരയും പിന്നെ പേര് ഓര്‍മയില്ലാത്ത അനേകം സുമനസുകളും വൃക്ക - നിസ്വാര്തമായി ദാനം ചെയ്യുന്ന - അവയവ ദാനത്തിന്റെ മഹത്വത്തെ പറ്റി ബോധവത്കരണം നടത്താന്‍ ശ്രമിയ്ക്ന്ന ഈ കാലഘട്ടത്തില്‍ - ഒരു ' പല്‍മശ്രീ ' സ്വപ്നം കണ്ടു ഇയാള്‍ ഓടുന്നത് കാണുമ്പോള്‍ പുച്ഛം തോനുന്നു. മാധ്യമ വൃകോദരന്മാരും , രാഷ്ട്രീയ ഭീകരന്മാരും ഓശാന പാടി എതിരേല്‍ക്കുന്നുണ്ട്. ( ദീപസ്തംഭം...) വഴിയില്‍ വീര്‍പ്പുമുട്ടി കടന്നുപോകുന്ന പാവം വഴിയാത്രക്കാരുടെ സങ്കടം ആരു കാണുന്നു ..!
താലമെടുത്തും , മുത്തുക്കുടയെന്തിയും തളര്‍ന്ന തരുണീ മണികള്‍ ..ചെണ്ട കൊട്ടി വിയര്‍ത്ത യുവജനങ്ങള്‍...' " അലൌണ്‍സ്മെന്റ്' ' നടത്തി ഒച്ചയടഞ്ഞ കോളാമ്പികള്‍....പോട്ടം പിടിച്ചും - തത്സമയം കൊടുത്തും ആഘോഷിയ്ക്കുന്ന പത്ര - ചാനല്‍ വിശാരദന്മാര്‍... ശീതീകരിച്ച കാരവന്‍...
തെയ്യം..കൈകൊട്ടികളി..പുലിക്കളി...ആചാരവെടി....
ഒലക്കേടെ മൂട്....!!
ഈ മാമാങ്കത്തിന് ചിലവാക്കുന്ന കാശിന്റെ പത്തിലൊന്ന് മതി ശ്രീ ദൈവം സാര്‍ - പത്ത് കുഞ്ഞുങ്ങള്‍ക്ക്‌ ഡയാലിസിസ് നടത്താനും , പാവങ്ങള്‍ക്ക് വേണ്ടി ബ്ലഡ്‌ ബാങ്ക് തുടങ്ങാനും , വൃക്ക മാറ്റി വയ്ക്കാനും..!!!
ലോകത്ത് ആദ്യമായി ഓടുന്ന ആ ഇന്ത്യക്കാരന്‍ - വേദനിയ്ക്കുന്ന ആ പാവം കോടീശ്വരന്‍ -ഇതെല്ലാം അറിയുന്നുണ്ടോ എന്തോ ...?

തികച്ചും ഒരു വ്യത്യസ്തനാകാന്‍ വേണ്ടിയല്ല ഈ കുറിപ്പെഴുതുന്നതെന്ന ആമുഖത്തോടെ : ആറ്റിങ്ങല്‍ ഇരട്ട കൊലപാതകം മനസ്സ് തകര്‍ക്കാത്ത ഒരു മലയാളി പോലുമുണ്ടാകില്ല എന്നുറപ്പാണ്. ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആ മാലാഖ കുഞ്ഞ്...!!! ഇത്രയും ക്രൂരത ചെയ്യുവാന്‍ എങ്ങനെ 'പരിഷ്ക്രിതരെന്നു ' വിലയിരുത്താവുന്ന ആ രണ്ടുപേര്‍ക്ക് കഴിഞ്ഞു..?
ബൈബിളിലെ പഴയ നിയമത്തില്‍ ഇസ്രായേല്‍ ജനം യഹോവയെ മറന്നു സ്വര്‍ണ്ണ ക്കാളക്കുട്ടിയെ നിര്‍മിച്ചു ആരാധിയ്ക്കുകയും ശപിയ്ക്കപെടുകയും ചെയ്തെന്നു നമ്മള്‍ വായിയ്ക്കുന്നുണ്ട്. ഈ പുത്തന്‍ കാലഘട്ടത്തിന്റെ സ്വര്‍ണ്ണ ക്കാള തീര്‍ച്ചയായും കടിഞ്ഞാണ്‍ തകര്‍ത്തോടുന്ന സെക്സും ലൈംഗീക വൈകൃതങ്ങളൂമാണ്..സംശയമില്ല.
പക്ഷെ ചാനലുകളിലൂടെയും എഫ് ബി അടക്കമുള്ള നവ മാധ്യമങ്ങളിലൂടെയും ജിനോ എന്നാ ചെറുപ്പക്കാരനെ കാണുമ്പോള്‍ എന്തോ വല്ലാത്ത സങ്ങടം തോനുന്നു...( അയാള്‍ ചെയ്ത കുറ്റക്രിത്യതെ വെള്ളപൂശാനല്ല ഈ എഴുത്ത് എന്ന് ഒരിയ്ക്കല്കൂടെ പറയട്ടെ ) ശൂന്യമാണ് അയാളുടെ മനസ്സ്...കണ്ണുകള്‍ തേടുന്നത് ഒരിറ്റു ദയ..ആശ്വാസം..മരണത്തെ വല്ലാതെ ആഗ്രഹിയ്ക്കുന്നുണ്ടാകണം ഇപ്പോള്‍ അയാള്‍...ആദ്യം അയാളെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി തെളിവെടുക്കുമ്പോള്‍ , അയാളുടെ വൃദ്ധനായ അപ്പനെ കാണിയ്ക്കുന്നുണ്ട്...ആ മനുഷ്യന്‍ പറയുന്നതില്‍ അവസാന വരികള്‍ മാത്രേ തിരിഞ്ഞുകെള്‍ക്കുന്നുള്ളൂ.." മനസ്താപപ്പെട്...!! ദൈവത്തോട് യാചിയ്ക്ക്...!!" ഒരു കുഞ്ഞുകുട്ടിയെ പോലെ ജിനോ എന്ന മനുഷ്യന്‍ കരയുന്നുണ്ട് അപ്പോള്‍ ...ഇയാളുടെ അമ്മ ജീവിച്ചിരിപ്പുണ്ടോ എന്തോ..ഉണ്ടെങ്കില്‍ എങ്ങനെയായിരിയ്ക്കും ആ അമ്മയുടെ മനസ് ഇപ്പോള്‍..! ജനിപ്പിച്ച കുറ്റത്തിന് ആ വൃദ്ധരുടെ ഹൃദയം തകര്ന്നുപോയിട്ടുണ്ടാകില്ലെ..? ഒരു നിമിഷത്തെ ബുദ്ധിമോശം...കൊടും പാതകത്തിലെയ്ക്ക് വഴിവെട്ടിയപ്പോള്‍ ജീവിതമാണ് (അവരുടെയും ,മറ്റുള്ളവരുടെയും..) കൈകളിലൂടെ ചോര്ന്നുപോകുന്നതെന്ന് അനുശാന്തിയും ജിനോയും ഓര്‍ത്തിടുണ്ടാകുമോ ?
പക്ഷെ , കല്ലെറിയാന്‍ നമ്മില്‍ എത്രപേര്‍ക്ക് ശരിയ്ക്കും അവകാശമുണ്ട്‌...? മറ്റുള്ളവരുടെ സ്വൈര ജീവിതങ്ങളിലേയ്ക്ക്...ഭാര്യ - ഭര്‍തൃ ബന്ധങ്ങളിലെയ്ക്ക് കണ്ണുവയ്ക്കാത്ത എത്രപേര്‍...? " ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിയ്ക്കുന്നു " എന്ന് ബൈബിള്‍ പറയുന്നത് ഇതുകൊണ്ടാണ്. മനസില്‍ ഒരിയ്ക്കലെങ്കിലും ഈ ചിന്തകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ , കല്ലെറിയാന്‍ നമുക്ക് എന്ത് യോഗ്യത...ഒരു നിമിഷം വഴിതെറ്റി പോയ നമ്മുടെ ആ സഹ ജീവികള്‍ക്ക് വേണ്ടി കണ്ണു നനഞ്ഞു ഒന്ന് പ്രാര്തിയ്ക്കരുതോ...? കൂട്ടത്തില്‍ ,മക്കളുടെ തിരിച്ചുവരവിന് വേണ്ടി കണ്ണീരോടെ പ്രാര്‍ഥിക്കുന്ന ഇരുവരുടെയും മാതാപിതാക്കള്‍ക്ക് വേണ്ടിയും ഒരു വരി. എന്തായാലും ആള്‍കൂട്ടത്തില്‍ നിന്ന് കല്ലെറിയാന്‍ എനിയ്ക്ക് വയ്യേന്റപ്പാ...! പലവട്ടം ചിന്തകളില്‍ ഇടറിപോയ ഞാന്‍ ആര് ,അവരെ വിധിയ്ക്കാന്‍...! " നമ്മളില്‍ പാപമില്ലാത്ത്തവര്‍ ആദ്യം കല്ലെറിയട്ടെ..

‘ വെറുതെ വിടുമ്പോഴാണ് ഭൂതക്കാലത്തിനു ഭംഗി ‘ എന്ന് ആരാണ് പറഞ്ഞിട്ടുള്ളത് എന്ന് ഓര്‍മയില്ല..ഒരുപക്ഷെ അത് മാധവികുട്ടിയായിരിയ്ക്കും. അങ്ങനെ വെറുതെ വിട്ട ചില ഓര്‍മ്മകള്‍ അലസമായ ഒരു കുഞ്ഞുപുസ്തക വായനയ്ക്കിടയില്‍ ചോദിയ്ക്കാതെ കയറി വന്നു.
“ ആ അമ്മ നാലുമക്കളോടൊപ്പം, രാവേറെയായിട്ടും തിരിച്ചെത്താത്ത കുടിയനായ ഭര്‍ത്താവിനെയും കാത്ത് വഴിയരികില്‍ നിന്നു. എഴുവയസ്സുകാരനായ മൂത്തകുട്ടി കത്തിച്ച മെഴുകുതിരിയുമായി അപ്പനെ അന്വേഷിച്ചിറങ്ങി. അമ്മ കരഞ്ഞു : ഭര്‍ത്താവിനെ കാണാത്തതിനാല്‍ ..മകനെ തനിച്ചു വിട്ടതിനെയോര്‍ത്തു..വഴിയില്‍ വച്ച് പിതാവ് തന്റെ മകന്റെ പേടിച്ചിരണ്ട മുഖം കണ്ടു. ആ വെളിച്ചത്തില്‍ തന്നെ മൂന്നുകുഞ്ഞുങ്ങളെയും കെട്ടിപിടിച്ചു വഴിയിലിരിയ്ക്കുന്ന ഭാര്യയുടെ മുഖവും അയാള്‍ കണ്ടു...ആ പാതിരാവില്‍ അയാള്‍ക്ക്‌ സുബോധമുണ്ടായി...”
സമാനമായ ഒരറുതിയുടെ കര്‍ക്കിടക രാത്രിയിലേയ്ക്കു ഓര്‍മ്മകള്‍ എന്നെയും കൊണ്ടുപോകുന്നുണ്ട്‌...അപ്പോള്‍ ഞങ്ങള്‍ താമസിയ്ക്കുന്നത് ഏറെക്കുറെ വിജനമായ – എന്നാല്‍ ചുറ്റും കാടുപിടിച്ച് കിടക്കുന്ന ഒരു പറമ്പിലാണ്. വീട് പണി കഴിഞ്ഞു ഏറെ നാള്‍ ആയെങ്കിലും കറന്റില്ല..കണക്ഷന്‍ എടുക്കാനുള്ള ചെലവ് താങ്ങാനാവില്ലായിരുന്നു..കച്ചവടങ്ങളെല്ലാം തകര്‍ന്ന് ലോട്ടറി കച്ചവടമായി നടക്കുകയാണ് അപ്പന്‍. നാളേയ്ക്കുള്ള അരിയും വാങ്ങി അപ്പന്‍ വരേണ്ടുന്ന സമയം ഒത്തിരി വയ്കി..അടുത്തൊന്നും ഞങ്ങള്‍ക്ക് അയല്‍ക്കാരില്ല. ഉള്ളവര്‍ തന്നെ ഒട്ടു ദൂരെയുമാണ്..അവരെല്ലാം ഇരുട്ടുന്നതിനുമുന്പേ വീടെത്തും. കര്‍ക്കിടകമാണ്..മഴ പെയ്യുനില്ലെങ്കിലും ഇരുട്ടുമൂടിനില്‍ക്കുന്ന രാവും പകലും. എനിയ്ക്കാണെങ്കില്‍ ഇരുട്ട് ഭയമാണ്. ചുമ്മാ ഇരുട്ടിലേയ്ക്കു നോക്കി ഇല്ലാത്ത രൂപങ്ങള്‍ സങ്കല്പ്പിചെടുക്കുക എന്നത് അക്കാലത്തെ മാറ്റാനാവാത്ത ഒരു ദുശീലവും. വീടിന്റെ ചുറ്റുമുള്ള ഇരുട്ടിനെ തടുക്കാന്‍ എന്റെ വീടിന്റെ ഉമ്മറപടിയില്‍ മുനിഞ്ഞു കത്തുന്ന മൊട്ടവിളക്ക് വെറുതെ അധ്വാനിയ്ക്കുകയാണ്. പകല്‍പോലും വെളിച്ചം പൂര്‍ണമായും കടക്കാതെ വലിയ പറമ്പുകളാണ് ചുറ്റും. അതില്‍ വിഷംകൂടിയ പാമ്പുകളും..അവയെ പിടിയ്ക്കാന്‍ കീരിയും , വല്ലപ്പോഴുമൊക്കെ മയിലുകളും എത്തുന്ന നോട്ടമില്ലാതെ കിടക്കുന്ന നായര്‍ തറവാട്ടുകാരുടെ പറമ്പുകള്‍. അമ്മ പറയുന്നുണ്ട്..’ അപ്പനെ കാണുന്നില്ലല്ലോ മോനെ ..നീയൊന്നു ഈ വെളക്കുമെടുത്തു പോയി നോക്ക്യേ..ആ റോട്ടില്...” ( പണ്ടെല്ലാം അപ്പന്റെ കയ്യില്‍ വലിയ ടോര്‍ച്ചു ഉണ്ടാവാറുണ്ട്. അഞ്ചു കട്ടയുടെ വലിയ ടോര്‍ച്..പിന്നെ കാലപഴക്കം കൊണ്ടാകും അത് കേടായി..വറതപ്പേട്ടന്‍ കൊടുക്കുന്ന ചൂട്ടോ, മെഴുതിരി, കടലാസ്സില്‍ ചുറ്റി പന്തമാക്കിയൊ മറ്റോ ആണു അപ്പന്‍ പിന്നീട് വരാറുള്ളത്. ടോര്‍ച് ഒരു ആഡംബര വസ്തുവായി മാറിയിരുന്നു ഞങ്ങള്‍ക്ക് അപ്പോഴേയ്ക്കും) അപ്പന്‍ വരാത്തതിന്റെ സങ്കടവും , ഇരുട്ടും രാത്രിയും ചേര്‍ന്നുള്ള ഭയവും കൂടി ഞാന്‍ വല്ലാത്തോരവസ്തയിലാണ്. വീടിന്റെ മുന്നിലുള്ള ഇടവഴിയിലേയ്ക്ക് ഞാന്‍ ആ വിളക്കും പിടിച്ചു ഇറങ്ങി – ഇടവഴി എന്നൊന്നും പറയാനാവില്ല..മുകളിലെ ഉയര്‍ന്ന പറമ്പുകളില്‍നിന്നും മറ്റും മഴവെള്ളത്തിനു പാടത്തേയ്ക്ക് രക്ഷപെടാനുള്ള ചാലെന്നോ മറ്റോ പറയാം. ഉയര്‍ന്നു നില്‍ക്കുന്ന കാടുപിടിച്ച വേലികള്‍..വഴിയിലേയ്ക്കു ചാഞ്ഞു നില്‍ക്കുന്ന ഇല്ലിമുളകള്‍..പകല്‍പോലും ആ വേലിയില്‍ ഞാന്നു കിടക്കുന്ന അണലി ഇനത്തില്‍ പെട്ട ചേനത്തണ്ടന്‍ , വട്ടക്കൂറ എന്നൊക്കെ വിളിയ്ക്കുന്ന പാമ്പുകളെ ഞാന്‍ കണ്ടിട്ടുണ്ട്. തലയില്‍ പറന്നു കൊത്തുന്ന..കൊത്തിയ ശേഷം വിഷം ഇറങ്ങി ആള്‍ രക്ഷപെടാതിരിയ്ക്കാന്‍ മരത്തില്‍ കീഴ്ക്കാംതൂക്കായി വൈരാഗ്യത്തോടെ തൂങ്ങി കിടക്കുന്ന പാമ്പുകളെ പറ്റി പറഞ്ഞു തന്ന കുഞ്ഞയ്യപ്പെട്ടനെ ശപിച്ചും കൊണ്ട് ഞാനിറങ്ങി. വഴിയില്‍ കേട്ട ഓരോ ശബ്ധതോടുമോപ്പം വിറകൊണ്ടു ഓരോകാലും മുന്നോട്ട് വച്ചുകൊണ്ടിരുന്നു. ഈ വിളക്കിനാണെങ്കില്‍ അത്രയും കുറവ് വെളിച്ചമേ ഉള്ളൂ. ചില്ലുകൂടുള്ളതുകൊണ്ട് കാറ്റത്ത്‌ കെട്ടുപോകില്ലെന്ന ഗുണം മാത്രമുണ്ട്. കാല്ച്ചുവട്ടിലെയ്ക്ക് അല്‍പ്പം പോലും വെളിച്ചം കിട്ടുന്നില്ല. ആരെങ്കിലും എതിരെ നിന്ന് വരികയാണെങ്കില്‍ ( ഈ നേരത്ത് ആരും വരാനില്ല ) എന്റെ ദേഹത്ത് മുട്ടില്ല എന്നു മാത്രം. കണ്ണില്‍കണ്ട എല്ലാ മന്ത്ര വാദ – തീവ്രവാദ ഡിറ്റ്ക്ടീവ് നോവലുകളും വായിച്ചു പകല്‍ പോലും പേടിച്ചു നടക്കുന്ന ഞാന്‍ ഈ ഇരുട്ടില്‍ ഏതോ യക്ഷി-ചുടല പറമ്പില്‍ നടക്കുന്നപോലെ ,കോട്ടയം പുഷ്പനാഥി നെയും ഏറ്റുമാനൂര്‍ ശിവകുമാറിനെയും ശപിച്ചുകൊണ്ട് വിശ്വാസപ്രമാണവും അറിയാവുന്ന മറ്റു പ്രാര്‍ഥനകളും ചൊല്ലി മുന്നോട്ട് നടക്കുകയാണ്. തിരിച്ചുപോവണമെന്നാഗ്രഹമുന്ടെങ്കിലും മുന്നോട്ടു പോകാവുന്നത്രയും ദൂരം പുറകിലെയ്ക്കും ഉണ്ടെന്നുള്ളത് എന്നെ മുന്നോട്ടു തന്നെ തള്ളിവിട്ടു. ഓരോ കരിയില അനങ്ങുമ്പോഴും ഞാന്‍ വിറച്ചു..ഭയംകൊണ്ട് ഒരടിമുന്നോട്ട്‌ വയ്ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ആരോ എന്റെ കയ്യില്‍ തോട്ടതായി തോന്നി..ഭയന്ന് ഞാന്‍ എന്തോ വികൃത ശബ്ധം ഉണ്ടാക്കി കരയാന്‍ വാ തുറക്കുംപോളെക്കും “ മോനെ നീ എന്താ ഈ ഇരുട്ടത്ത്‌..’ .....ഓ..എന്റെ ദൈവമേ..അപ്പനാണ്..! “ അപ്പനെ കാണാണ്ട് ഞാന്‍ പേടിച്ച്...” 
വീട്ടിലെത്തുമ്പോള്‍ ഭയന്നിരിയ്ക്കുന്ന അമ്മയും അനിയനും ഞങ്ങളെ കണ്ടപ്പോള്‍ മുറ്റത്തേക്കിറങ്ങി നില്‍ക്കുന്നുണ്ടാരുന്നു. അമ്മയുടെ കയ്യിലേയ്ക്കു അരിസഞ്ചി കൊടുത്തുകൊണ്ട് അപ്പന്‍ പറയാരുന്നു... “മഴകാരണം ആള്‍ക്കാര്‍ക്ക് പണിയില്ലാണ്ടിരിയ്ക്കല്ലെ..പിന്നെ ആരാ മ്മടെ ടിക്കെറ്റെടുക്കാ..? നാളെയാണ് ഇതിന്റെ നറുക്കെടുപ്പ്..അപ്പൊ അവസാനത്തെ ബസ് വരെ കാത്തുനിക്കേണ്ടി വന്നു..രണ്ടു ടിക്കെറ്റ് വില്‍ക്കാന്‍..” ഭാഗ്യമില്ലാത്ത ഞങ്ങടെ കയ്യില്‍നിന്നും ടിക്കെറ്റ് എടുത്തു ഭാഗ്യം പരീക്ഷിയ്ക്കാന്‍ കനിവുണ്ടായ ആ നല്ല മനുഷ്യര്‍ ആരാണാവോ..?
എന്തായാലും പിന്നീട് ഇപ്പോഴും അപ്പന് എന്തെങ്കിലും ഒന്ന് വാങ്ങാന്‍ ഓര്‍ക്കുമ്പോള്‍ ഒരു നല്ല ടോര്ച്ച് എന്നാണ് ആദ്യം മനസിലേയ്ക്ക് വരിക..ആ കറുത്ത കര്‍ക്കിടക രാത്രിയുടെ ഓര്‍മയ്ക്ക്...!!
ഭൂപടത്തില്‍ ഇല്ലാത്ത ഇടങ്ങള്‍...
ഇറാക്കിലെ അമേരിക്കന്‍ അധിനിവേശത്തെ എതിര്ക്കാനായി ഇങ്ങു നമ്മുടെ കൊച്ചുകേരളത്തിലെ ഒരു പാവം പഞ്ചായത്ത്മെമ്പര്‍ പണ്ടൊരു പ്രതിഷേധ പ്രമേയം ഭരണ സമിതിയില്‍ വച്ച കഥ പലരും പറഞ്ഞു കേട്ടിട്ടുണ്ടാകും അല്ലെ.. ആ നല്ല മനുഷ്യനെ കളിയാക്കാന്‍ ഒന്നുമില്ലയെന്നാ എനിയ്ക്ക് തോനുന്നെ..ഇതല്ലാതെ വേറെ എന്ത് ചെയ്യാനാവും ആ മനുഷ്യ സ്നേഹിയ്ക്ക്..? ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതും , ഇതിനുമുന്പ്് പലവട്ടം ചെയ്തിട്ടുള്ളതുമായ പോസ്റ്റുകള്‍ പലതും ഇതേ അവസ്ഥയില്‍ തന്നെയല്ലേ...!
വംശീയ ഉന്മൂലനം ശ്രീലങ്കയിലോ ജര്മനിയിലോ ആഫ്രിക്കയിലോ മാത്രം നടക്കുന്ന തമാശയല്ലായെന്നു ചരിത്രബോധമുള്ള ഏതൊരാള്ക്കും മനസിലാക്കാവുന്ന കാര്യമാണ്. ചരിത്രത്തില്‍ ഒത്തിരി തവണ ആവര്ത്തി ച്ചിട്ടുള്ള കറുത്ത ഹാസ്യം ഇപ്പോഴും നിര്ബാധം തുടരുകയാണല്ലോ..കഥ തുടരുക തന്നെ ചെയ്യും..!
വര്ഷ്ങ്ങള്ക്കു മുന്പ്, മഞ്ഞുപുതച്ച പൂക്കളുടെ താഴ്വരയില്‍ നിന്ന് ആട്ടിയിറക്കപെടുകയോ കൂട്ടത്തോടെ കൊലചെയ്യപെടുകയോ ചെയ്ത – ഇന്ത്യന്‍ സൌന്ദര്യശാസ്ത്രത്തിന്റെ പതാകവാഹകരായിരുന്ന അഭിനവ ഗുപ്തന്റെയും , കുന്തകന്റെയും ഒക്കെ പിന്തുടര്ച്ച അവകാശപെടുന്ന കാശ്മീരി പണ്ഡിറ്റ്‌കള്‍ ....!!
ചരിത്രത്തില്‍ പലവട്ടം തകര്ക്കപെട്ട ജൂതവംശത്തിനു പാര്ക്കാനൊരിടം നല്കി്യാതിനാല്‍ ചരിത്രപുസ്തകത്തില്‍ മാത്രം അവശേഷിയ്ക്കാന്‍ വിധിയ്ക്കപെട്ട പാലസ്തീനിന്റെടെയും – ഗാസയുടെയും ഹതഭാഗ്യ ജന്മങ്ങള്‍..!!!
എന്നാല്‍
ഇവര്ക്ക് പുറകിലായ് , ഇറാഖിലെ മോസൂളിലെയും ഖുറാഖോഷ പട്ടണത്തിലെയും ലക്ഷകണക്കിന് ക്രിസ്ത്യാനികളുടെയും കുര്ദു- യസീദികളുടെയും ചരിത്രതാളുകളിലെയ്ക്കുള്ള നിശബ്ദമായ ആ മടക്കയാത്ര ലോക രാഷ്ട്രങ്ങളോ ഫേസ് ബുക്കികളോ കണ്ട ഭാവം നടിച്ചിട്ടില്ല.
“ ഐസിസ് സഹോദരങ്ങളെ “ പറഞ്ഞുമനസിലാക്കാന്‍ ഒരു സഖാവിനെയും കാണാനുമില്ല.
യാങ്കി പോലീസിന്റെ ‘ സമാധാനപരമായ ബോംബിങ്ങിന്റെ ‘ വര്ണണചിത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഭൂതല സംപ്രേക്ഷണത്തില്‍ തെളിയുന്നുമുള്ളൂ.
കൊല്ലപെടുന്നത് ഷിയാക്കളോ സുന്നികളോ ക്രിസ്ത്യാനികളോ സ്വരാഷ്ട്ര്യയനുകളോ കുര്ദുകളോ യാസീദികളൊ.. ആകട്ടെ മനുഷ്യനെ സ്നേഹിയ്ക്കാത്ത, അവന്റെ വേദന കാണാത്ത ആരും ..ആരും യഥാര്ത്ഥ വിശ്വാസികളല്ല..മനുഷ്യര്‍ പോലുമല്ല.
മതം മറപിടിച്ച – വേട്ടനായ്ക്കള്‍ മാത്രമാണ്...
ഞാന്‍ പ്രതിഷേധിയ്ക്കുന്നു...
ഈ വേട്ടയാടലിനോട്...
ഗാസയോടു മാത്രം ഐക്യം പ്രഖ്യാപിച്ചു പുഷ്പ ചക്രവും നക്ര ബാഷ്പവും തൂകി നടക്കുന്ന എല്ലാ രാഷ്ട്രീയ- മാധ്യമ വൈതാളികന്മാരോടും..
ഏറ്റവും ഒടുവില്‍ , ഇത് കണ്ടില്ലായെന്ന് നടിച്ച സുഹൃത്തെ നിന്നോടും...
" സംഭവം സിമ്പിള്ണെന്ന് വിചാരിക്കണ്ടാ ട്ടാ...ന്തൂട്ടാ ഈ പറേണെ..ദെ..ദിങ്ങ്ട് നോക്ക്യേ..ഇത് ആനെണ്...ആന..!! മനക്കില് തമ്പ്രാന്റെല് കാശുണ്ടെങ്കി അയാക്ക് ആനേനേം പൂചേനെ ഒക്കെ വാങ്ങാം..ന്നാ ച്ചാ..അയിനെ കൊണ്ട് നടക്കനെങ്കില് കമ്മുട്ടീനെ പോലെ ള്ള ആങ്കുട്ട്യോള് വേണം..ഹ് .. കമ്മുട്ട്യോടാ കളി..! അയാള് തമ്പ്രാനാണെങ്കി..ന്റെ തമ്പ്രാന്‍ ഞാനാ..ന്തേ....ഏത്...ങ്ങക്ക് മനസിലായാ.." ഇത്രേം പറഞ്ഞിട്ട് വലിച്ചുവച്ചു ഒരു നടപ്പാ...മനക്കലേക്ക് ..അവിടെ ചെന്നാല്‍ ഇത്രേം നേരം കണ്ട ആളെ ആവില്ല..തല ചൊറിഞ്ഞു ഒരു നില്‍പ്പാ...ഉടുത്തിരിയ്ക്കുന്ന കൈലി ഗള്‍ഫില്‍നിന്നു എന്നോ നാട്ടിലേയ്ക്കും പിന്നീട് ടിയാന്റെ അരയിലും വന്നുകേറിയതാണ് ..അത് ചുരുണ്ട് ചുരുണ്ട് ഇപ്പോ മുട്ടോളം എത്തിയിട്ടുണ്ട്..അതും പോരാഞ്ഞു ആ മാരണം അത് മടക്കികുത്തുകയും കൂടി ചെയ്താലോ..! യൂനിഫോo ആയിട്ട് എന്നും കാണപ്പെടുന്ന ചോപ്പ് നിക്കര്‍ പുറത്തു പ്രദര്‍ശനം നടത്തിയല്ലാത്ത കംമുട്ടിയെ ആരും കണ്ടിട്ടില്ല..ഇനി മനക്കില് ചെന്ന് ആകാവുന്ന അത്ര ഭവ്യതയോടെ തല ചൊറിഞ്ഞു നിക്കുന്ന കമ്മുട്യോട് ഉടമസ്ഥന്‍ ചോദിയ്ക്കും...
" ന്താ കമ്മുട്യെ..."
അത് പ്പോ തമ്പുരാനെ.....പൂരാണ്...കയ്യില് കാലണ ഇല്ലാണ്ട് ഞാന്‍ എങ്ങനാ.." "..ഊം...ന്നിട്ട് വേണം അയിനു മുഴുവന്‍ കുടിച്ചിട്ട് ഇബടെ വന്നു പൂരപ്പാട്ട് നടത്താന്‍ ല്ലേ...
" ഏയ്..അത് അന്ന് അങ്ങനൊരു അബദ്ധം പറ്റീന്ന് വച്ചിട്ട്..ഏയ്‌...ഇനി ഇല്യ.."
കാശും വാങ്ങി നേരെ നടക്കും, തങ്കേച്ചി ടെ ലോക്കല്‍ ബെവരേജിലെയ്ക്ക്..
എന്നിട്ട് ആനേം കൊണ്ട് ഒരു കസര്‍ത്താണ് ..സെന്ററില് .
ഇടത്വാനെ...
ഇങ്ങട്...
വലത്താനേ...
..ബടെ നിന്നോ ഇയ്യ്...ഇല്ലേ..ചവിട്ടികൂട്ട്യാളയും...ഹും..ഇനിയ്ക്ക് അന്നേ നോക്കീട്ടു വേണ്ട ട്ടാ കഴിയാന്‍..
തുടര്‍ന്ന് പൂരപറമ്പ് ലക്‌ഷ്യം വച്ചുള്ള ആനയുടെ സഹന യാത്ര തുടങ്ങായി..
ഷാപ്പായ ഷാപ്പെല്ലാം കയറി ഇറങ്ങി..നിരങ്ങി...
എല്ലാം സഹിയ്ക്കാം..ഷാപ്പിന്റെ വാതുക്കല്‍ വച്ച് കാരവടിയോ തോട്ടിയോ ആനയുടെ കാലില്‍ ചാരി വച്ച് ഒരു പ്രഭാഷണം ഉണ്ട്..
" മര്യായിയ്ക്ക്...മര്യായിയ്ക്ക് ആണെങ്കി മാത്രം ന്റെ കൂടെ വന്നാല്‍ മതി..കംമുട്ടി കുടിയ്ക്കും...അത് ചോയിയ്ക്കാന്‍ ഇയ്യോ അന്റെ തമ്പ്രാനോ ആയിട്ടില്യാ..മനസിലായോ...ഈ കോലെങ്ങാനും താഴെ ഇട്ടാ..പൊന്നു മോനെ ..ശിവാ...പിന്നെ ആന ണ് ന്നു പറഞ്ഞിട്ട് നടക്കാന്‍ നീയുണ്ടാവില്യ.. ഏത്..ഏ.."
##### ##### #####
കാലം കുറെ ഇത് സഹിച്ച ആന ..ഒരൂസം ഷാപ്പെതിയപ്പോ തന്നെ നിന്നു...കാരക്കോല് കമ്മുട്ടീടെ കാലില്‍ ചാരി വച്ച് ഇങ്ങനെ മൊഴിഞ്ഞു...
" ഇബടെ നിക്ക് കമ്മുട്യെ...ഇത്തിരി കള്‍സ് അടിച്ചുട്ട് അപ്പേടെ മുത്ത്‌ ദേ പ്പോ വരാ ട്ടാ.."
അനങ്ങ്യാ...കൊന്നാ കളയും ഞാന്‍.."
************************************************************************************
ഇത് ഞങ്ങടെ നാട്ടിലെ കമ്മുട്ടി...( പേര് ഒരല്‍പം മാ റ്റീ ട്ട് ണ്ട് ഞാന്‍..ഇല്ലെങ്കില് അടുത്ത കൊല്ലം നാട്ടീ പൂവാന്‍ പറ്റില്ല ഗെടി..ഫോട്ടോ അങ്ങേരുടെ അല്ലാ ട്ടാ )
" നാട്ടു നന്മകളുടെ ശേഷിപ്പുകള്‍ ഓരോന്നായി പടിയിറങ്ങുകയാണ് . ഒപ്പം ഓര്‍മ്മകളാകുന്നതു(നഷ്ട്ടമാകുന്നതോ..) നമ്മുടെയൊക്കെ കുട്ടിക്കാലം കൂടിയല്ലെ..ഇത്രയും എഴുതുന്നത് എന്താണെന്നോ..? നമ്മുടെ മാധവേട്ടന്‍ മരിച്ചു പോയി..കുണ്ടന്നൂര്‍ ചുങ്കത്തുള്ള ചായക്കടക്കാരന്‍..ഓര്‍മ്മയുണ്ടോ..? മധുരമുള്ള പലഹാരങ്ങള്‍ നിറച്ചുവച്ച ചില്ലലമാരകള്‍...കൊതിയൂറുന്ന സാമ്പാറിന്റെ മണം...ഓര്‍മകള്‍ക്ക് വരെ എന്ത് മധുരവും എരിവും...! സ്കൂളില്‍ പോകുമ്പോള്‍ ..കൊതിയോടെ നോക്കാറുണ്ട്...അപ്പോള്‍ പുകനിറഞ്ഞ അടുക്കളയില്‍ ചുമച്ചു ചുമച്ചു മ്മടെ മാധവേട്ടന്‍...! ..മാസങ്ങള്‍ കൂടുമ്പോള്‍ അപ്പന്‍ പറയും " ഡാ..മുടിവെട്ടാറായിട്ടുണ്ട് ട്ടാ..സ്കൂള് വിട്ടുവരുമ്പോ നായരുടെ ബാര്‍ബര്‍ ഷാപ്പിലേക്ക് വാ..ഞാന്‍ അവടെ ഉണ്ടാവും "..മനസ്സ് സന്തോഷത്തില്‍ ആറും ഏഴും ആടും..ന്താ കാരണം ? മുടിവെട്ടുന്നതോര്ത്തല്ല...മുടിവെട്ട് കഴിഞ്ഞു മാധവേട്ടന്ടെ ചായക്കടയില്‍ ഒരു ചായക്കുടിയുണ്ട് എനിക്ക്...ഒപ്പം നെയ്യപ്പോ,പരിപ്പുവടയോ,സുഖിയനോ വല്ലതും കിട്ടും....ചിലപ്പോള്‍ ദോശയും ചൂടന്‍ സാമ്പാറും ചട്നിയും കിട്ടും...ഹോ...! ഓര്‍മകള്‍ക്ക് വീണ്ടും സ്വാദേരുന്ന എരിവും ചൂടും..! ഈ പരിഗണന കിട്ടുന്ന മറ്റൊരു സന്ദര്‍ഭം -പനീ വന്നാല്‍ ആണ്..ഓട്ടുപാറ ഗവെര്‍ന്മേന്ടു ഹോസ്പിറ്റലിലെ മരുന്ന് മണക്കുന്ന വരാന്തയില്‍ അപ്പന്റെ കയ്യുംപിടിച്ച് നില്‍ക്കുമ്പോള്‍ ഓര്‍ക്കുന്നത് മാധവേട്ടന്റെ ചായക്കടയിലെ പലഹാരങ്ങളാ...തിരിച്ചു പോകുമ്പോള്‍ അവടെ ഒന്ന് കേറും...അപ്പോള്‍ ചായക്ക് പകരം പാലും വെള്ളാവും എന്ന് മാത്രം..ഉപദംശങ്ങളും ഉണ്ടാകും...(പനീ വരാനും മുടി വെട്ടാനും അന്നൊക്കെ എത്ര ആഗ്രഹിക്കുമെന്നോ..)ആ നേരതത് മാധവേട്ടന്‍ അടുത്ത് വന്നു തലയില്‍ കൈവച്ചു ചോദിക്കും.." ന്താ ഇബന്.പന്യാ..? " ഞാന്‍ മെല്ലെ ഒന്ന് മൂളും..അപ്പന്‍ കാശുകൊടുത്തു തിരിയുമ്പോള്‍ , അപ്പന്റെ പ്രതിഷേധം വകവയ്ക്കാതെ ,പതുക്കെ ഒരു പൊതി എന്റെ കയ്യിലേക്ക് വച്ച് തരും മാധവേട്ടന്‍ .." ഇദു വച്ചോ ട്ര .." ഉള്ളിവടയോ സുഖിയനോ..അങ്ങനെ എന്തെങ്കിലും ആകും പൊതിയില്‍...അങ്ങനെ പലഹാരങ്ങള്‍ക്ക് വേണ്ടി കൊതിച്ചിരുന്ന എന്റെ ബാല്യത്തിന്റെ മധുരമായിരുന്നു അപ്പന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ - മാധവേട്ടന്‍...ആ മാധവേട്ടനാണ് ഇന്നലെ വെള്ളപുതച്ചു ശാന്തനായി മരിച്ചുകിടന്നത്...!


 ഇറങ്ങിപ്പോക്കുകൾക്കു മുമ്പുള്ള
ഓരോ തിരിഞ്ഞുനോട്ടങ്ങളിലും
ഓർമ്മകളുടെ
ഒരുപാടൊരുപാട്
ഉരുൾപ്പൊട്ടലുകളുണ്ടാകുന്നുണ്ട്.." (ഉറുമ്പ്‌)
ഒന്ന് തിരിഞ്ഞു നോക്കാതെ യാത്രപറയുന്നതെങ്ങിനെ..അല്ലെ..? തീര്‍ച്ചയായും ആ തിരിഞ്ഞു നോട്ടത്തില്‍ നമ്മള്‍ കാണുന്നത് കണ്ണുകൊണ്ടാണോ ഹൃദയം കൊണ്ടല്ലെ..അതെ ,കണ്ണ് നിറഞ്ഞ് കാഴ്ച മറയുമ്പോഴും ഹൃദയം ഒപ്പിയെടുക്കുന്നുണ്ട് ആ ലാസ്റ്റ് ഫ്രെയിം..
ബൈബിളില്‍ - തിരിഞ്ഞ്നോക്കാന്‍ ധൈര്യപ്പെടുന്ന ഒരു സ്ത്രീയുണ്ട് ;ലോത്തിന്റെ ഭാര്യ. ഉല്‍പത്തിയുടെ പുസ്തകത്തിലാണ് ആ തിരിഞ്ഞു നോട്ടം..സോദോം - ഗോമോറ പട്ടണങ്ങള്‍ നശിപ്പിയ്ക്കാന്‍ ദൈവം തീരുമാനിച്ചപ്പോള്‍ നീതിമാനായ ലോതിനോടും അവന്റെ കുടുംബത്തോടും അവിടം വിട്ടോടിപോകുവാന്‍ ദൈവം ആവശ്യപെടുന്നുണ്ട്. ഒരൊറ്റ കണ്ടീഷന്‍..തിരിഞ്ഞു നോക്കരുത്..തിരിഞ്ഞു നോക്കരുത്...!! സോവാര്‍ പട്ടണത്തിലെയ്ക്ക് ഓടിപോകുന്ന ഭര്‍ത്താവിനോടും മക്കളോടുമോപ്പം ഓടുമ്പോളും അവളുടെ മനസ്സ് ആ പിന്ക്കാഴ്ച്ചകളിലെയ്ക്ക് വിളിയ്ക്കുന്നുണ്ട്..ഇതുവരെ താന്‍ അന്തിയുറങ്ങിയ, സംരക്ഷിച്ച, സുഖവും ദുഖവും പങ്കിട്ടെടുത്ത കൂര, താന്‍ നട്ടു നനച്ച ചെടികളും പൂക്കളും, തന്നെ കാണുമ്പോള്‍ ഓടിയെത്തുന്ന അരുമയായ കുഞ്ഞാട്ടിന്കുട്ടി...എല്ലാം തീയില്‍ പെട്ട് നശിയ്ക്കുകയാണ്..ഇല്ല,ഒന്ന് തിരിഞ്ഞു നോക്കാതെ മുന്നോട്ടുപോകുവാന്‍ വയ്യ..
അവള്‍ ഒരുപ്പുതൂണായ് ഉറഞ്ഞുപോയെന്നാണ് വേദപുസ്തകം പറയുന്നത്..!!
ഓര്‍മകളുടെ തീച്ചൂള പിന്നിലെരിഞ്ഞുതീരുമ്പോള്‍ മുന്നോട്ടു പോകുവാന്‍ ഊര്‍ജ്ജം ലഭിയ്ക്കണമെങ്കില്‍ തിരിഞ്ഞു നോക്കരുത് എന്ന കല്‍പ്പന മനുഷ്യന് അത്യാവശ്യമാണെന്ന് പടച്ചവന് അറിയാം.. എങ്കിലും ഒരു മാത്ര തിരിഞ്ഞു നോക്കാതെപോവാന്‍..യാത്ര പറയാന്‍ എനിയ്ക്കോ നിനക്കോ കഴിയുമോ..?
ഓരോതവണയും പ്രവാസതിലെയ്ക്ക് പടിയിറങ്ങുപോള്‍ തിരിഞ്ഞു നോക്കാറുണ്ട്..കണ്ണുകൊണ്ട് കാണാന്‍ വയ്യെങ്കിലും ഹൃദയംകൊണ്ടു അടയാളപെടുത്താന്‍ കഴിയാറുണ്ട് ,
അവിടെ ആ ചുമരില്‍ താങ്ങി അമ്മ...
ജനലില്‍ മുഖമമര്‍ത്തി നില്‍ക്കുന്ന കൂടപിറപ്പുകള്‍..
ക്ഷീണിച്ച നെഞ്ചും തടവി മുറ്റത്ത്‌ ഇലകൊഴിഞ്ഞ കണികൊന്നമരം ചാരി അപ്പന്‍..
കൂനിക്കൂടി മൂകനിശബ്ധ കരിമ്പടം പുതച്ചെന്ടെ വീട്..
കണ്ണീരുപ്പുറഞ്ഞു കല്ലായി ഞാനും..!!
( ഫോട്ടോ കടപ്പാട് : Rasheed Parambil Clickz )