2015 ജനുവരി 5, തിങ്കളാഴ്‌ച

" പണ്ട്...ഒത്തിരി പണ്ട് നമ്മുടെയൊക്കെ വീടിന്റെ മുന്പുറത്തു കുറ്റിയില്‍ കെട്ടിയിട്ട ഒരു നായുണ്ടാവും..കൈസര്‍ എന്നോ ബാബുവെന്നോ ഒക്കെ പേരുള്ള നാടന്‍ നായ..വീട്ടിലാണെങ്കില്‍ ഒരു കുറിഞ്ഞി പൂച്ചയുണ്ടാവും...ചീരൂന്നോ അമ്മൂന്നോ ഒക്കെ പേരുള്ള ഒന്ന്...വീട്ടില്‍ വയ്ക്കുന്നതില്‍ നിന്നും അച്ഛനും , അമ്മയും , മക്കളും ഈ പറഞ്ഞ പ്രജകളും കൂടി പങ്കു കൊടുത്തു ജീവിച്ചു...കൊടുത്തു പഠിക്കാന്‍ മക്കള്‍ ആദ്യം പഠിച്ചതും ഈ വിദ്യാലയത്തില്‍ തന്നെ...ഇപ്പോളോ..? വൃത്തിയും വെടിപ്പും വീട്ടില്‍ പരിഷ്ക്കാരിയായി കയറിവന്നപ്പോള്‍, പടിയിറങ്ങിയത് ഈ നാട്ടു നന്മകളായിരുന്നു...ഓര്‍ക്കുമ്പോള്‍ ഒരു കൊച്ച്‌ു നൊമ്പരം..

" ഈ മരു ഭൂമിയിലിരുന്നു ഞാനൊരു ' പുഴ ' യെ ധ്യാനിക്കുകയാണ് ..അത് ഓര്‍മകളുടെ പുഴയാണ്...സൌഹൃദങ്ങളുടെ സായാഹ്നങ്ങള്‍ ഞാന്‍ ചിലവഴിച്ചത് ഈ പുഴയുടെ തീരതതാണ് ..ജീവിതം, ഏകനായി നടക്കാന്‍ ആവശ്യപെട്ടപ്പോള്‍ ഈ മണല്‍ പരപ്പിലൂടെ നടന്നു.. നിര്‍ബാധം ഒഴുകാന്‍ എന്നെ പടിപ്പിക്കാനായിരുന്നു അതെന്നു ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു..അതേ പുഴ തന്നെയാണ് എന്റെ ആദ്യ ഇടര്ച്ചയുടെ കാഴ്ചയോരുക്കിയതെന്നും ഓര്‍ക്കുന്നുണ്ട് ഞാന്‍.. ഓരോ തവണയും എന്റെ ആസക്ത്തിയുടെയും ഒടുങ്ങാത്ത ത്രിഷ്ണകളുടെയും മുഷിഞ്ഞ വികാരങ്ങളും പേറി അതില്‍ മുങ്ങി നിവരുമ്പോള്‍ ഞാന്‍ കൂടുതല്‍ നിര്മലനായിത്തീര്‍ന്നു . വീണുപോകുമെന്നു തോന്നുമ്പോള്‍ എല്ലാം ആ പുഴയെ തന്നെ ശരണം വച്ച് നടക്കാന്‍ ശ്രമിച്ചു. പക്ഷെ ഇപ്പോള്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ കാലിനടിയില്‍ തണുത്ത കുളിരിന്റെ പുഴ മണല്‍ അല്ല...ഉയിരെടുക്കുന്ന മരുഭൂമിയുടെ പഴുത്ത മണല്..എല്ലാവരും ജീവിതത്തില്‍ നമ്മുടേത് മാത്രമായ ഒരു മരുഭൂമിയിലൂടെ
കടന്നുപോകേണ്ടതുണ്ട് ല്ലോ അല്ലെ ...ഞാനും എന്റെ മരുഭൂ യാത്രയിലാണ്...എങ്കിലും ഇപ്പോളും എനിക്ക് ആ പുഴയെ ധ്യാനിക്കാന്‍ സാധിക്കുന്നുണ്ട്..
'അപ്സ്വന്തരമൃതം,അപ്സുഭേഷജം.അപാമുത പ്രശസ്ഥയെ' - ജലത്തിലത്രെ അമൃതത്വം ..ജലത്തിലത്രെ ഔഷധം ..അപ്രകാരമത്രെ ജലപ്രശസ്തി..
സുഹൃത്തെ ഈ മരുഭൂമിയിലിരുന്നു ഞാന്‍ ഒരു പുഴയെ ധ്യാനിക്കുകയാണ്.. "


" ഇത് ഒരു ശ്രമമാണ്...സ്വന്തം മുഖം വച്ച് ആരെയും സന്തോഷിപ്പിക്കാന്‍ പറ്റുനില്ല..എങ്കില്‍ വിശുദ്ധ നിക്കൊളാസിന്റെ മുഖംമൂടി വച്ച് ഒരു ശ്രമം നടത്തികളയാം...എന്തേ..? എന്തൊക്കെയായാലും സംഗതി ഏറ്റു..കുഞ്ഞുങ്ങള്‍ കൈ വീശി കാണിച്ചു..പുഞ്ചിരിച്ചു, അടുത്തുവന്നു നിന്ന് സ്നേഹത്തോടെ ' സാന്റാ ' എന്ന് വിളിച്ചു..ഫോട്ടോ എടുത്തു...കുഞ്ഞികയ്യില്‍ കൊടുത്ത മിടായി വാങ്ങി കൈ പിടിച്ചു കുലുക്കി...ഫ്ലാറ്റുകളുടെ കുഞ്ഞു ഭൂമികയില്‍ കുടുങ്ങി കിടക്കുന്ന ആ കുഞ്ഞു മാലാഖമാര്‍ പരസ്പരം പറഞ്ഞു ' ദേ ഞാന്‍ സാന്റായെ തൊട്ടു...' എനിക്കും സന്തോഷമായി..
ഇത് ഒരു ശ്രമമായിരുന്നു...
പഴയ കാലത്തേക്കുള്ള ഒരു തിരിച്ചുപോക്കിനു
ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞു..പാഠപുസ്തകം എവ്ടെക്കോ എറിഞ്ഞു..ഒരു ഓട്ടമാണ്..കൂട്ടുകാരുടെ കൂടെ ... വാടകകെടുത്ത ഒരു പെട്രൊമാക്സും ചുമന്നു വീട് വീടാന്തരം കയറിയിറങ്ങും...കരോള്‍ എന്നാണു പേര്...പാട്ട് മിക്കവാറും.".സന്തോഷം സന്തോഷമേ..."..ആര്ക്കു..? ഞങ്ങള്‍ക്ക് സന്തോഷം...!! വീട്ടുക്കാര്‍ ഉറക്കച്ചടവോടുകൂടി കയ്യില്‍ ഇട്ടു തരും..അമ്പത് പൈസ...ചില പരിഷ്ക്കാരികള്‍ ഒരു രൂപ വരെ തരും..എന്നാലും അവരുടെയും മുഖത്ത് സന്തോഷം കാണും കേട്ടോ..ചിലര്‍ ചോദിക്കും..എടാ നീയൊക്കെ വല്ലതും കഴിച്ചിട്ടുണ്ടോ..? വിശക്കുന്നുണ്ടോ എന്നൊക്കെ..." പാടവരമ്പിലൂടെ ഉണ്ണിയേശുവിന്റെ ജനന വാര്ത്തൊയും പാടി ഞങ്ങള്‍ പതുക്കെ...മുന്പോട്ടു...ഓര്മ്മകള്‍ വളരെ വേഗത്തില്‍ പുറകോട്ടു...ദൈവമേ.. ദൈവമേ...!

" അങ്ങനെ ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചുനിക്കുകയാണെന്നു മനസിലായപ്പോള്‍ പെട്ടെന്ന് അപ്പന്‍ പൊട്ടി കരഞ്ഞു...പരുക്കന്‍ പുറംതോട് മാത്രം എന്നും പുറത്തു കാണിച്ചു നടന്ന എന്റെ അപ്പനാണ് കുഞ്ഞുങ്ങളെ പോലെ കരയുന്നത്. " നീ പോയാല്‍ എനിയ്ക്ക് പിന്നെ ആരാടാ ഉള്ളെ..? " ഞാന്‍ പക്ഷെ എന്റെ തീരുമാനം മാറ്റാന്‍ തയ്യാറല്ല എന്ന മട്ടില്‍ നിന്നു ...അമ്മ കരയാതെ എന്നെ നോക്കി നിക്കുകയാണ്..ആരും മിണ്ടുന്നില്ല ...അന്ന് എന്റെ അപ്പന്റെ കണ്ണീരിന്റെ വില മനസിലാക്കാന്‍ മാത്രം പ്രായമോ , പക്വതയോ എനിക്കില്ലായിരുന്നു..പക്ഷെ പിന്നീട് മൂന്നു കൊല്ലവും എന്റെ അപ്പന്റെ കണ്ണീരു എന്നെ വിടാതെ പിന്തുടര്‍ന്നു..പിന്നീടോരിയ്ക്കലും എന്നെ പിന്തിരിപ്പിക്കാനോ തിരികെ വിളിക്കാനോ അപ്പന്‍ ശ്രമിച്ചിട്ടില്ല..മാത്രവുമല്ല എന്റെ തീരുമാനത്തില്‍ ഒത്തിരി സന്തോഷം കാണിയ്ക്കുകയും ചെയ്തിട്ടുണ്ട്...പക്ഷെ എന്റെ കണ്ണീരിന്റെ കുരിശു മല കയറ്റം തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ...നാല് പെണ്‍കുട്ടികള്‍ക്ക് ശേഷം ഒരാണ്‍കുട്ടി ജനിച്ചു എന്ന് അറിഞ്ഞപ്പോള്‍ എന്റെ കുഞ്ഞു വല്യപ്പന്‍ വരാന്തയുടെ മതില്‍ എടുത്തു ചാടി ..നാട്ടു നടപ്പ് അനുസരിച്ച് ഉറക്കെ കൂവി..( പെണ്‍കുട്ടികള്‍ ജനിച്ചാല്‍ - അടുക്കള വാതിലില്‍ പതുക്കെ മൂന്നു തവണ അടിക്കും..!!! ആരും അറിയേണ്ട.. ). അമ്മയുടെ വല്യാങ്ങള യും മറ്റും കൂടി എനിയ്ക്ക് സന്തോഷ്‌ എന്ന് പേരിട്ടു..അധികമായ സന്തോഷം കാണിച്ചു കൊണ്ട് തന്നെ..ഒരു കൂട്ട് കുടുംബത്തില്‍ നാല് പെണ്‍കുട്ടികളെ പെറ്റ എന്റെ അമ്മയുടെ ആധി അന്നാണ് തീര്‍ന്നത് . (പക്ഷെ അപ്പോളും അപ്പന്‍ ഒരിയ്ക്കലും അമ്മയെ തള്ളിപറയുകയോ കുറ്റപെടുതുകയോ ചെയ്തിട്ടില്ല..ഞങ്ങള്‍ ആറുമക്കളെയും അവര്‍ ഒന്നുപോലെ സ്നേഹിച്ചു...)
അപ്പന്‍ കരഞ്ഞു യാത്രയാക്കിയ ഞാന്‍ പിന്നീട് മൂന്ന് കൊല്ലവും എന്റെ അപ്പനും അമ്മയ്ക്കും വേണ്ടി മാതാവിന്റെ മുന്നില്‍ കണ്ണീരോടെ പ്രാര്‍ഥിച്ചു..റഫക്ടറിയിലെ നിറഞ്ഞ പാത്രങ്ങള്‍ക്കും,ആവി പറക്കുന്ന കറികള്‍കും മദ്ധ്യേ ഇരിയ്ക്കുമ്പോള്‍ ,ഉണ്ണാതെ വിശന്നിരിയ്ക്കുന്ന എന്റെ കൂട പിറപ്പുകളുടെയും , അപ്പന്റെയും അമ്മയുടെയും മുഖം എന്റെ പാത്രത്തില്‍ ഉപ്പ് കലര്‍ത്തി..ഒടുക്കം തൃശ്ശൂര്‍ മൈനര്‍ സെമിനാരിയുടെ പടിയിറങ്ങുമ്പോള്‍ , "അച്ഛന്‍ പട്ടം" എന്ന മഹത്തായ ദാനം ഈ മണ്‍ പാത്രത്തിനു നീ പറഞ്ഞിട്ടില്ലലോ ഈശോയെ 'എന്നും പറഞ്ഞു ഞാനിറങ്ങി..എന്റെ അപ്പന്റെ കൂടെ ഇരിയ്ക്കാന്‍...അമ്മയുടെ കണ്ണീരു തുടയ്ക്കാന്‍..എന്റെ കൂടപിറപ്പുകളുടെ കൂടെ നടക്കാന്‍.
എന്തുകൊണ്ടാനെന്നോ ,എനിയ്ക്ക് എന്റെ അപ്പനെ ഇത്ര ഇഷ്ടം..അമ്മയെ ഇത്ര ജീവന്‍...!! എന്റെ കൂട പിറപ്പുകളോടുള്ള ഈ അടക്കാന്‍ വയ്യാത്ത കടപ്പാട്... ഞങ്ങള് ജീവിച്ചത് ഇല്ലായ്മയുടെ വറുതി പുറതതായിരുന്നെന്കിലും...സ്നേഹത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല...അവര്‍ക്ക് ഞാന്‍ രാജാവാണ്..സന്തോഷിനു എന്തും കഴിയും എന്ന് ലോകത്തില്‍ ഉറച്ചു വിശ്വസിയ്ക്കുന്ന ഒരു കൂട്ടം ആളുകള്‍..അതാണ്‌ എന്റെ കുടുംബം..ഒന്നുമല്ലാത്ത ഞാന്‍ ഒരു ഹീറോ ആണെന്ന് എന്നും വിശ്വസിയ്ക്കുന്ന അവരാണ് എന്റെ ശക്തി..
" ഏതു കാറ്റിലും കെടാത്ത വിളക്കാവട്ടെ " എന്ന് എന്റെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ച എന്റെ അപ്പനും അമ്മയും ഇന്ന് വിവാഹത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിയ്ക്കുകയാണ്..ഇങ്ങു ദൂരെയാണെങ്കിലും ഞാന്‍ ഇപ്പോളും എന്റെ അപ്പന്റെ കൈ പിടിച്ചാണ് നടക്കുന്നത്..അമ്മയുടെ കൂടെയിരുന്നാണ് പ്രാര്തിയ്ക്കുന്നത്. ..എന്റെ പുന്നാര അപ്പനും അമമയ്ക്കും ചക്കരയുമ്മ.....


" ചില മനുഷ്യരുടെ ആകാശങ്ങള്‍ തല്ലികൊഴിയ്ക്കാന്‍ നമുക്കെന്തു ധൃതി ആണെന്നോ.അവന്റെ വസ്ത്രങ്ങളെ,ഭക്ഷണത്തെ,ഭാഷയെ,അവന്റെ ആചാരങ്ങളെ,കുഞ്ഞു വിശ്വാസങ്ങളെ..എല്ലാം അപഹസിയ്ക്കുമ്പോള്‍ ,ഒരു പൊളിചെഴുത്തിന്റെയും സാമൂഹിക പരിഷ്ക്കരണത്തിന്റെയും സുഖം - അല്ല -ആത്മ രതി - നമ്മള്‍ അനുഭവിയ്ക്കുന്നുണ്ടാകാം. നമ്മളിലെ മനുഷ്യ സ്നേഹി സന്തോഷിയ്ക്കുന്നുണ്ടാകാം.അവനെ ,അവന്റെ ചിലന്തി വല കൂട്ടത്തില്‍ നിന്നും,മൂടത്വതില്‍ നിന്നും രക്ഷിച്ചല്ലോയെന്നു...നിങ്ങള്‍ ശരിയായിരിയ്ക്കാം,നൂറു ശതമാനവും. പക്ഷെ ചില മീനുകള്‍ പുതിയ വെള്ളത്തില്‍ ജീവിക്കാറേയില്ല സുഹൃത്തെ...നിന്റെ ഫില്‍റ്റര്‍ ചെയ്ത ധാതു ജലത്തില്‍ ആ പഴയ മീന്‍ ചതതുപോയെക്കാം..കാട്ടില്‍ നിന്നും പറിച്ചെടുത്ത ആദിവാസി നാട്ടില്‍ പിഴച്ചു പോയതെന്തെ..? ഗ്രാമത്തിലെ പള്ളിക്കൂടത്ത്തില്‍ നിന്നും പറിച്ചു നട്ട ആ കുഞ്ഞു, കോണ്‍വെന്ട്ടു സ്കൂളില്‍ വാടിപോയതെന്തെ...? നിന്റെ കുഞ്ഞുങ്ങളുടെ സൌകര്യത്തിനു വേണ്ടി നഗരത്തിലേയ്ക്ക് പറിച്ചു നടപെട്ട വൃദ്ധരായ അച്ഛനും അമ്മയും ,നിങ്ങളുടെ ഡബിള്‍ റൂം ഫ്ലാറ്റില്‍ കൂനികൂടിയിരിയ്ക്കുന്നതെന്താണ്...? നീ മാത്രമല്ല ശരി...മറ്റുള്ളവന്റെ വിശ്വാസങ്ങളെയും ജീവിതത്തെയും അപഹസിയ്ക്കുന്നതിനു മുന്‍പ് ഒന്നോര്‍ക്കുക.സ്നേഹവും കരുതലും ഇല്ലാതെ ഒരു രാജാവും ,ഭരണാധികാരിയും ,വിപ്ലവകാരിയും മനുഷ്യന്റെ ഹൃദയത്തെ നേടിയിട്ടില്ല..നേടിയെന്നു ധരിയ്ക്കുന്നുന്ടെന്കില്‍ അത് മൌട്യമാണ് ..ഇനിയെങ്കിലും ഓര്‍ക്കുക..ഒത്തിരി ഋതുക്കള്‍ നീ കണ്ടിട്ടുണ്ടാകാം..എങ്കിലും അയാള്‍ നനഞ്ഞ അത്രയും മഴ നീ നനഞിട്ടുണ്ടാകില്ല ..
" ജീവിതം എത്ര പേരില്‍ നിന്ന് കടമെടുത്തതാണ്..' ആരെയും ആശ്രയിയ്ക്കാതെയാണ് ഞാന്‍ ഇതുവരെ എത്തിയത് ' എന്നെല്ലാം ചിലര്‍ പറയുമ്പോള്‍ അത്ഭുതതോടെയെ അവരെ നോക്കാന്‍ എനിയ്ക്ക് സാധിച്ചിട്ടുള്ളൂ..എത്ര പേരുടെ ദാനമാണ് ഈ ജീവിതം ദൈവമേ...എന്റെ ജീവിതത്തെ സ്പര്ശിയ്ക്കാതെ , എനിയ്ക്കെന്തെന്കിലും നല്‍കാതെ ആരും കടന്നു പോയിട്ടില്ല എന്നോര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നു...ഒരു ദേവസ്സി ചേട്ടന്‍ , ഷാജി മാഷ്‌ , ബോബിയച്ചന്‍ , ലിസ്റ്റ് എത്രയോ നീളുന്നു. അന്ന് ഞങ്ങള്‍ കുമ്പളങ്ങാട് ആണ് താമസം..പള്ളിയ്ക്ക് തൊട്ടു പുറകില്‍. അനുജന്‍ ആന്റോ പത്താം ക്ലാസ്സ് പരീക്ഷ കൊള്ളാവുന്ന മാര്‍ക്കില്‍ പാസായി , എല്ലാവരും സന്തോഷതോടെയിരിയ്ക്കുന്ന സമയം. സഹായിയ്ക്കാന്‍ ആരുമില്ലാതെ സ്വന്ത പ്രയത്നം കൊണ്ട് പഠിച്ചവനാണ് അവന്‍. സമീപത്തുള്ള എല്ലാ കോളേജുകളില്‍ നിന്നും പുള്ളി അപ്പ്ലിക്കേഷന്‍ ഫോംസും വാങ്ങിവചിട്ടുണ്ട്. കൂട്ടുകാരോടും മറ്റും ചേരാന്‍ ഉള്ള കൊഴ്സുകളെ പറ്റിയും സംസാരിയ്ക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്. അന്ന് അപ്പന് പറയത്തക്ക ഒരു ജോലിയൊന്നുമില്ല..ഇടപെട്ടതെല്ലാം പരാജയപെട്ടു തലകുനിച്ചു ഇരിക്കുന്ന കാലം. അപ്പന്‍ കുറെ ദിവസമായി ഉറങ്ങുന്നെയില്ല എന്ന് അമ്മ പറയാറുമുണ്ടാരുന്നു. സാമ്പത്തിക ബുദ്ധിമുട്ടു നല്ലവണ്ണം അലട്ടുന്നുണ്ട്. ജോലിയ്ക്ക് പോകാന്‍ മാത്രം പ്രായമായ ഞാന്‍ അപ്പോള്‍ രണ്ടാംവര്‍ഷം ഡിഗ്രിയ്ക്ക് സെന്റ്‌ .തോമാസ് കോളേജില്‍ പഠിയ്ക്കുകയാണ്.ഒരു ദിവസം സന്ധ്യാ പ്രാര്‍ഥനയും കഴിഞു ആന്റോ അപ്ലികേഷന്‍ പൂരിപ്പിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ അപ്പച്ചന്‍ പെട്ടന്ന് പറഞ്ഞു " എടാ ഒരാള്‍ക്കേ ഇനി പഠിയ്ക്കാന്‍ പറ്റുള്ളൂ ട്ടാ ..ഒരാള് ഏതെന്കിലും പണിയുടെ കാര്യം നോക്കണം. അപ്പന് ഒറ്റയ്ക്കിനി പറ്റില്ല.." ഈ പിന്‍ ഡ്രോപ്പ് സൈലന്‍സ് എന്നൊക്കെ പറയുന്നത് അതായിരുന്നു. അമ്മയും ഞാനും അനിയനും അപ്പച്ചനെ സൂക്ഷിച്ചു നോക്കി..അപ്പച്ചന്‍ മുഖം തിരിച്ചു ഇരിയ്ക്കുകയാണ്..സത്യമായും അവിടെ മൌനം മുറിയ്ക്കേണ്ടത് എന്റെ കടമയാണ് ..ഞാന്‍ മിണ്ടിയില്ല. എത്രമാത്രം സ്വാര്തഥനാണ് ഞാന്‍ എന്ന് ,ഞാന്‍ കൂടെ തിരിച്ചറിഞ്ഞ നിമിഷം. കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം ആന്റോ പറഞ്ഞു " എന്നാ ചേട്ടന്‍ പഠിച്ചോട്ടെ " എന്ന്..ദൈവമേ...!! രണ്ടു ദിവസം കഴിഞ്ഞു വേലൂര്‍ക്ക് സ്വര്ണപണി പടിയ്ക്കാനായി അവന്‍ കൂട്ടുകാരുടെ കൂടെ പോയി.. അവിടെ താമസിച്ചു പണി പഠിച്ചു..വല്ലപ്പോഴും വീട്ടില്‍ വരും. ഒന്നും സംഭവിയ്ക്കാത്ത മട്ടില്‍ നോര്‍മല്‍ ആയി തന്നെ അവന്‍ പെരുമാറി. പക്ഷെ ഒന്ന് ഞാന്‍ ശ്രദ്ധിച്ചു .അവന്റെ കളിയും ചിരിയും എവ്ടെയ്ക്കോ പോയ്‌ പോയി...ഞാന്‍ പിന്നെയും പഠിച്ചു , ഡിഗ്രിയും , പി ജി യും ,ബി എഡും എടുത്തു. അറിവിന്റെ ഹുങ്കില്‍ തല പൊക്കി നടന്നു.വലിയ പ്രസംഗകനായി , സാമൂഹിക പ്രവര്‍ത്തകനായി, ആളുകളുടെ മുന്നില്‍ മാന്യനായി നടന്നു( അല്ലെങ്കില്‍ അങ്ങനെയോക്കെയാനെന്നു സ്വയം നടിച്ചു ). എന്റെ കുഞ്ഞു , ആരോടും അധികം സംസാരിയ്ക്കാതെ ,ആരാലും അറിയപ്പെടാതെ എന്റെ നിഴലില്‍ നടന്നു. സന്തോഷിന്റെ അനുജന്‍ എന്ന് മാത്രം പരിചയപ്പെടുത്തി. പിന്നീട് കൂടിയ ജോലിയും പത്രാസുമായി നടക്കുംബോളും ,തൊണ്ടയില്‍ കുരുങ്ങിയ മുള്ള് പോലെ..കാലില്‍ ഉണങ്ങാത്ത വ്രണം പോലെ , എന്റെ സ്വാര്തഥത എന്നെ നാണിപ്പിച്ചു..കരയിപ്പിച്ചു. അന്ന് ഞാന്‍ ചെയ്യേണ്ടുന്ന കടമയാണ് അവന്‍ ചെയ്തത്. പക്ഷെ ഇന്ന് വരെ അവന്‍ ഒരു വാക്ക് കൊണ്ടുപോലും പരാതി പറഞ്ഞിട്ടില്ല.പടിപ്പില്ലാത്തതിന്ടെ പേരില്‍ ഒത്തിരി അപമാനിയ്ക്കപെട്ടിട്ടും , കുത്ത്‌വാക്ക് പറഞ്ഞിട്ടില്ല. എപ്പോളോക്കെ പണം ആവശ്യപ്പെട്ടോ അപ്പോളൊക്കെ പേഴ്സ്സ് എടുത്തു മുന്നിലെക്കിട്ടു തന്നു. എത്ര എടുത്തു ?എന്നും ചോദിച്ചിട്ടില്ല. പിന്നീട് ഏറ്റു പറയാന്‍ ധൈര്യം തോനിയപ്പോള്‍ എല്ലാം പറഞ്ഞു ഞാന്‍ പൊട്ടി കരഞ്ഞു. അപ്പോളും 'അതൊന്നും സാരല്യ..അന്ന് അത് ചെയ്തതുകൊണ്ട് നമ്മള്‍ രക്ഷപെട്ടു' ..എന്നും മറ്റും പറഞ്ഞു ആശ്വസിപ്പിച്ചു..എന്റെ കൂടപിറപ്പു ,ഒരിയ്ക്കലും എന്നെ തള്ളിപറഞ്ഞില്ല. ബുദധിയുറച്ച നാള്‍ മുതല്‍ ഞങ്ങള്‍ വഴക്കിട്ടിട്ടുമില്ല..എനിയ്ക്കറിയാം , ഈ ജീവിതം , എന്റെ അറിവ് എല്ലാം അവന്‍ സ്നേഹപൂര്‍വ്വം നീട്ടി തന്ന ഭിക്ഷയാണെന്നു..ആന്റോ , എന്റെ കുഞ്ഞനുജന്‍ നാളെ വിവാഹിതനാവുകയാണ്.( 7-4-13 Sunday ) ഈ രാത്രിയില്‍ ദൂരെയിരുന്നു ഈ കുറിപ്പ് (കുറെ തവണ എഴുതിയും , ഡിലീറ്റ് ചെയ്തും വച്ച )എഴുതുമ്പോള്‍ ,കണ്ണ് നിറയുന്നു.. .ഞാന്‍ , അമ്മ ഉണ്ണാതെ വച്ച ചോറും കറിയുമാണെന്കില്‍, എന്റെ അറിവ് - അവന്‍ എനിയ്ക്ക് തന്ന സ്നേഹ ഭിക്ഷയാണ്..നന്നായി വരും ..നന്നായെ വരൂ..!!!

" ഒരു കൂട്ടുണ്ടായിരിയ്ക്കുക എന്നതാണ് പരമ പ്രധാനം എന്ന് തോനുന്നു. ഒരു നാര്സ്സിസിന്റെയോ , പോളിഫീമസിന്റെയോ ജന്മം എല്ലാവര്‍ക്കുമുള്ള ഒരു സാധ്യത അല്ലല്ലോ. തന്റെ അനന്തമായ ഏകാന്തതയില്‍ നിന്നല്ലേ ദൈവം പോലും മനുഷ്യന് ജന്മം കൊടുത്തത്. കപ്പല്‍ ച്ചേദത്തില്‍ പെട്ട് ഒരു ദ്വീപില്‍ ഒററ്പെട്ടുപോയ ഒരു കടല്കൊള്ളക്കാരന്ടെ കഥ എവിടെയോ വായിച്ചത് ഓര്‍ക്കുന്നു. നാളുകള്‍ കഴിഞ്ഞപ്പോള്‍ ഏകാന്തതയില്‍ ആശ്വാസം കണ്ടെത്താന്‍ വേണ്ടി അയാള്‍ കടല്‍ കരയില്‍ കണ്ട ഒരു ആമയുമായി കൂട്ടായത്രേ. അതിനോട് അയാള്‍ സംസാരിച്ചു.വയ്കി വന്നതിനെ പ്രതി പരിഭവിച്ചു..പിണങ്ങി...ഒപ്പം ചിരിയ്ക്കാന്‍ ക്ഷണിയ്ച്ചു. അതെ ,ഒന്ന് ഒററ്ക്കാകുമ്പോള്‍ അറിയാം അതിന്ടെ സങ്കടം. " ഒറ്റയല്ല...ഒറ്റയലൊററ്യല്ല..നമ്മള്‍ ഒറ്റയല്ല .." മുല്ലനേഴി മാഷിന്റെ വരികള്‍ കാതില്‍ മുഴങ്ങുന്നു..ജീവിതത്തില്‍ ഒററ്യ്ക്കാണെന്നു പറയുന്ന കൂട്ടുക്കാരെ...അല്ല, നിങ്ങള്‍ ഒറ്റയല്ല...ഈ ജീവിതത്തില്‍ എത്രയോ കൂട്ടുകാര്‍...സ്നേഹിയ്ക്കാന്‍ മാത്രമറിയാവുന്ന ഭാര്യ,കാമുകി,പെങ്ങള്‍, അനുജന്‍,...അങ്ങനെ എത്ര പേര്‍...ഇതാ ഇത് വായിയ്ക്കുന്ന നീയും ..ഹാ..ഞാന്‍ ഒറ്റയെ അല്ല.! "